ad
Deshabhimani

ക‍ൗമാരം വിട്ടിട്ടില്ല ഇ‍ൗ അക്ഷരങ്ങൾക്ക്‌

SUKUMARAN

താൻ എഴുതിയ കുറിപ്പുകളുമായി സുകുമാരൻ

avatar
ASWATHI JAYASRY

Published on Sep 21, 2026, 12:15 AM | 1 min read



പത്തനംതിട്ട
വടിവൊത്ത അക്ഷരങ്ങൾ, ആരും നോക്കിനിന്നു പോകുന്ന എഴുത്ത്‌, 86–ാം വയസിലും പി ആർ സുകുമാരന്‌ കുത്തിക്കുറിക്കലുകൾക്ക്‌ കുറവില്ല. ഇത്ര മനോഹരമായി വടിവൊത്ത അക്ഷരങ്ങൾ എ‍ഴുതാൻ മറ്റാർക്കാകുമെന്ന്‌ സുകുമാരനെ അറിയാവുന്നവരെല്ലാം ഒറ്റ സ്വരത്തിൽ ചോദിക്കുന്നു.
സ്കൂൾകാലം മുതൽ കൈയക്ഷരത്തിന്റെ കാര്യത്തിൽ സുകുമാരൻ താരമായിരുന്നു. " നല്ല കൈയക്ഷരത്തിന്‌ സ്കൂളിൽ നിന്ന്‌ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്‌ എനിക്ക്‌. നല്ല ഭാവിയുണ്ടെന്നും അത്‌ കളയരുതെന്നും അന്നൊക്കെ അധ്യാപകർ പറയുമായിരുന്നു.'–സുകുമാരൻ വർഷങ്ങൾ പിന്നിലേക്ക്‌ പോയി. പത്തനംതിട്ട വെട്ടിപ്രം സ്വദേശിയായ സുകുമാരൻ നിലവിൽ ഇലന്തൂർ ഇടപ്പരിയാരം വലിയകാലായിൽ വീട്ടിലാണ്‌ സ്ഥിരതാമസം. ഒപ്പം ഭാര്യ സരോജിനിയുമുണ്ട്‌. ആറ്‌ പതിറ്റാണ്ടിലധികം നീണ്ട ദാമ്പത്യജീവിതത്തിൽ സുകുമാരന്റെ എഴുത്തിഷ്‌ടം കൂടിയത്‌ മാത്രെമെ താൻ കണ്ടിട്ടുള്ളൂവെന്ന്‌ സരോജിനിയും പറയുന്നു. ഇതിനായി നൂറുകണക്കിന്‌ നോട്ട്‌ ബുക്കുകളും പേനകളും വാങ്ങിക്കൂട്ടിയിട്ടുമുണ്ട്‌. ഇഷ്‌ടമാകുന്നവയെല്ലാം "മംഗ്ലീഷി'ലാണ്‌ പകർത്തിയെഴുതുന്നത്‌. സ്വന്തം കവിതകളും മറ്റ്‌ രചനകളും ഇക്കൂട്ടത്തിലുണ്ട്‌. പുതിയ നിയമവും പഴയ നിയമവും നോട്ട്‌ ബുക്കിലേക്ക്‌ പകർത്തിയെഴുതിയിട്ടുണ്ട്‌. സ്വന്തമായെഴുതിയ കവിതകളോ ഭക്തിഗാനങ്ങളോ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ലായെന്ന വിഷമം ഇന്നുമുണ്ട്‌. ആ വിഷമം മറക്കാൻ അവയെല്ലാം മനോഹരമായി എഴുതിസൂക്ഷിക്കുകയാണ്‌ സുകുമാരൻ.
ആറ്‌ പതിറ്റാണ്ട്‌ മുമ്പ്‌ കല്യാണ ക്ഷണക്കത്ത്‌ സ്വന്തം കൈപ്പടയിൽ എഴുതിയതാണ്‌ മറക്കാത്ത അനുഭവമെന്ന്‌ അദ്ദേഹം പറയുന്നു. ആയിരത്തിലധികം ക്ഷണക്കത്താണ്‌ 23–ാം വയസിൽ സ്വന്തം വിവാഹത്തിന്‌ സുകുമാരൻ എഴുതിയത്‌. പിന്നീട്‌ പലരും ഇതേ ആവശ്യവുമായി സമീപിച്ചെങ്കിലും ആത്മവിശ്വാസമില്ലാത്തതിനാൽ അതൊക്കെ നിരസിച്ചു. പത്താംക്ലാസ്‌ പാസായ സുകുമാരന്‌ നേവിയിൽ ജോലി ലഭിച്ചിരുന്നു."യ‍ൗവനത്തിന്റെ തിളപ്പിൽ അതൊന്നും കാര്യമായി എടുത്തില്ല'–എന്നാണ്‌ സുകുമാരന്റെ വാദം. പിന്നീട്‌ പത്തനംതിട്ട നഗരത്തിൽ ലോട്ടറി വിൽപ്പന ആയിരുന്നു ഉപജീവനമാർഗം. ഒമ്പത്‌ മക്കളുണ്ട്‌. പ്രായം 86 ആയെങ്കിലും കാഴ്ചക്കുറവോ മറ്റ്‌ ആരോഗ്യപ്രശ്നങ്ങളോ ഇല്ല. അതിനാൽ കിട്ടുന്ന ഒഴിവ്‌ സമയത്തെല്ലാം എഴുത്ത്‌ തുടരുകയാണ്‌. ഇതൊക്കെ കണ്ട്‌ ആരെങ്കിലുമൊക്കെ അഭിനന്ദിക്കുന്നതാണ്‌ തനിക്കുള്ള ഏറ്റവും വലിയ സമ്മാനമെന്ന്‌ സുകുമാരൻ പറയുന്നു.‍ 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home