Deshabhimani

ആറു വീടുകളിൽ മോഷണശ്രമം

കുരമ്പാലയിൽ വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ കവർന്നു

Photo
വെബ് ഡെസ്ക്

Published on Oct 09, 2025, 12:06 AM | 1 min read

പന്തളം

കുരമ്പാലയിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ ശരീരത്തിൽ നിന്നും നാലേകാൽ പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടാക്കൾ കവർന്നു. പരിസരപ്രദേശങ്ങളിലെ ആറു വീടുകളിൽ മോഷണ ശ്രമവും നടന്നു. അടുക്കളവാതിൽ കുത്തിത്തുറന്ന മോഷ്‌ടാവ് വീട്ടമ്മയുടെ ശരീരത്തിൽ നിന്ന് സ്വർണാഭരണങ്ങൾ ഊരിയെടുത്ത് കടന്നുകളയുകയായിരുന്നു. കുരമ്പാല തെക്ക് ഗൗരീശത്തിൽ ദിനേശ് കുമാറിന്റെ ഭാര്യ രജിതയുടെ ആഭരണങ്ങളാണ് മോഷ്‌ടിച്ചത്. രണ്ടേകാൽ പവന്റെ മാലയും രണ്ട്‌ പവന്റെ കൊലുസുകളുമാണ് നഷ്‌ടമായത്. ഈ വീടിന്റെ

സമീപത്തെ മൂന്ന്‌ വീടുകളിലും മോഷണശ്രമമുണ്ടായി. ബുധൻ പുലർച്ചെ മൂന്നോടെയാണ് സംഭവം. ദിനേശ് കുമാറും കുടുംബവും മൂകാംബിക യാത്ര കഴിഞ്ഞു ചൊവ്വാഴ്‌ച വൈകിട്ടാണ് മടങ്ങിയെത്തിയത്. യാത്രാക്ഷീണം കാരണം ഇവർ നല്ല ഉറക്കത്തിലായിരുന്നു. കാലിൽ ആരോ തൊടുന്നതായി തോന്നിയ രജിത ബഹളം വച്ചെന്നഴുന്നേറ്റതോടെ മോഷ്‌ടാവ് രക്ഷപ്പെട്ടു. രജിതയുടെ ആഭരണങ്ങളുമായാണ് മോഷ്‌ടാവ് കടന്നത്. മാതാവ് ഓമനയമ്മ മാലയൂരി തൊട്ടടുത്ത മുറിയിൽ മേശപ്പുറത്ത് വച്ചിരുന്നെങ്കിലും മോഷ്‌ടാക്കൾ ഇവിടെ കയറാതിരുന്നതിനാൽ അത് നഷ്‌ടപ്പെട്ടില്ല. സമീപവാസികളായ കരൂർ വീട്ടിൽ വിനോദ് കുമാർ, കോടിയാട്ട് ഗോപിനാഥക്കുറുപ്പ്, ശ്രീരാഗത്തിൽ ശ്രീകുമാർ എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. ഈ വീടുകളുടെ അടുക്കളവാതിലിൽ ഇരുമ്പു പട്ട സ്ഥാപിച്ചിരുന്നതിനാൽ തുറക്കാൻ കഴിഞ്ഞില്ല. കുരമ്പാല മൈനാപ്പള്ളിൽ ഭാഗത്ത് ഭഗവതി വടക്കേതിൽ ലളിത, നന്മ വീട്ടിൽ പ്രസന്ന, മുകളയ്യത്ത് മധു, കച്ചിറമണ്ണിൽ രാജു എന്നിവരുടെ വീടുകളിലും മോഷണശ്രമമുണ്ടായെന്ന് പൊലീസ് പറഞ്ഞു.

എസ്ഐ അനീഷ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും എത്തി തെളിവുകൾ ശേഖരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home