മന്ത്രി മടങ്ങിയതിന് പിന്നാലെ മെഡിക്കൽ കോളേജിൽ ഒപിയും പോയി

കാസർകോട് ആരോഗ്യമന്ത്രി കെ മുരളീധരൻ ജില്ലയിലെത്തി മടങ്ങിയതിന് പിന്നാലെ, ഉക്കിനടുക്കയിലെ ഗവ. മെഡിക്കൽ കോളേജിൽ ഒപിയും നിർത്തി. അക്കാദമിക് ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഒപി സൗകര്യം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് ചൊവ്വ മുതൽ മാറ്റിയതായി പ്രിൻസിപ്പലിന്റെ നോട്ടീസ് ആശുപത്രിയിൽ പതിപ്പിച്ചു. എംബിബിഎസ് രണ്ടാംവർഷ ബാച്ചിന്റെ ക്ലിനിക്കൽ പോസ്‌റ്റിങ് പഠനവുമായി ബന്ധപ്പെട്ട് താൽക്കാലികമായി ഒപി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് നോട്ടീസിൽ പറയുന്നത്. ദിവസം ശരാശാരി മുന്നൂറിലധികം ഒപി നിലവിൽ ഉക്കിനടുക്കയിൽ വരുന്നുണ്ട്. ത്വക് രോഗ വിഭാഗത്തിൽ മാത്രം കഴിഞ്ഞയാഴ്ച ശരാശരി നൂറിലധികം രോഗികളെത്തി. ഇത്രയും രോഗികൾ, ഇനി ചികിത്സക്കായി കാസർകോട്ട് എത്തേണ്ടി വരും. നിലവിൽ ജനറൽ ആശുപത്രിയിൽ, മെഡിക്കൽ കോളേജ് ഒപിക്കായി പ്രത്യേക സൗകര്യമൊന്നും ഏർപ്പെടുത്തിയിട്ടുമില്ല. ബദിയഡുക്ക, ഉക്കിനടുക്കപോലുള്ള അതിർത്തി ദേശങ്ങളിലെ നിർധന രോഗികൾക്ക് വലിയ ആശ്വാസമായിരുന്നു മെഡിക്കൽ കോളേജ്. എൽഡിഎഫ് സർക്കാർ കാലത്താണ്, കെട്ടിടങ്ങളുടെയും അക്കാദമിക്ക് ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കിയത്. നിലവിൽ നഴ്‌സിങ് കോ്േളജ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷമാണ് എംബിബിഎസ് കോഴ്‌സ് തുടങ്ങിയത്. കോളേജിൽ തന്നെ ആശുപത്രി കിടക്കകളും വേണമെന്നാണ് മെഡിക്കൽ കൗൺസിൽ ചട്ടം. അതാണിപ്പോൾ 29 കിലോമീറ്റർ അപ്പുറം കാസർകോട്ടേക്ക് മാറ്റിയത്. ഇത് എംബിബിഎസ് വിദ്യാർഥികളുടെ കോഴ്‌സ് അംഗീകാരം സംബ്നധിച്ച ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്‌ച കാസർകോട്ട് വന്ന ആരോഗ്യ മന്ത്രി കെ മുരളീധരൻ, മെഡിക്കൽ കോളേജ് പ്രവർത്തനം സജീവമാക്കും എന്നൊക്കെ പറഞ്ഞിരുന്നു. മന്ത്രി തലസ്ഥാനത്തേക്ക് എത്തുന്പോഴേക്കും ഉള്ള സൗകര്യം കൂടി നഷ്ടപ്പെട്ട അവസ്ഥയിലായി കാര്യങ്ങൾ.






0 comments