Deshabhimani

തേജസ്വിനിയിൽ ജലപൂരം ഇന്ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2026, 03:00 AM | 1 min read

നീലേശ്വരം/ ചെറുവത്തൂർ മെയ്ക്കരുത്തും കൈക്കരുത്തും ബലാബലം മാറ്റുരക്കുന്ന ഓളപ്പരപ്പിലെ ആവേശത്തിര ഉയരാൻ മണിക്കൂറുകൾ ബാക്കി. മലബാറിന്റെ ജലപൂരത്തിന് ബോട്ട് ക്ലബുകൾ ഒരുങ്ങി. ബുധനാഴ്ചയാണ് തേജസ്വിനി പുഴയിൽ കോട്ടപ്പുറത്ത് മഹാത്മ ഗാന്ധി ട്രോഫി ഉത്തര മലബാർ ജലോത്സവം. കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിന് സമീപം നടക്കുന്ന വള്ളംകളിയുടെ ഹീറ്റ്‌സ് മത്സരം പകൽ ഒന്നിന് ആരംഭിക്കും. ജലോത്സവം പകൽ മൂന്നിന് കർണാടക മന്ത്രി യു ടി ഖാദർ ഉദ്ഘാടനംചെയ്യും. മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. ഓളപ്പരപ്പിൽ വിസ്മ‌യം തീർത്ത് കപ്പിൽ മുത്തമിടാൻ എ കെ ജി പൊടോത്തുരുത്തി, എ കെ ജി മയിച്ച, കൃഷ്ണപിള്ള കാവുംചിറ, ന്യൂ ബ്രദേർസ് മയിച്ച, വയൽക്കര മയിച്ച, അഴീക്കോടൻ അച്ചാംതുരുത്തി, റെഡ്‌സ്‌റ്റാർ കാര്യങ്കോട്‌, പാലിച്ചോൻ അച്ചാംതുരുത്തി, വയൽക്കര വെങ്ങാട്ട്‌, വിബിസി കുറ്റിവയൽ, നവോദയ മേംഗലശേരി, സുഗുണൻ സാസ്‌റ്റർ സ്‌പോർട്ടിങ് ധർമടം എന്നീ ടീമുകൾ ഒരുങ്ങി. ഇത്തവണ ചാമ്പ്യൻസ്‌ ബോട്ട്‌ ലീഗിൽ ഉൾപ്പെട്ടില്ലെങ്കിലും ജലോത്സവം നടക്കുന്നുവെന്ന ആശ്വാസം തുഴച്ചിൽ ക്ലബ്ബുകൾക്കുണ്ട്‌. തേജസ്വിനി പുഴയിലെ 950 മീറ്റർ ദൈർഘ്യമുള്ള ട്രാക്കിലാണ്‌ മത്സരം. സുഗമമായ വിധിനിർണയത്തിന് ഡ്രോൺ ക്യാമറ ഉപയോഗിച്ച് മത്സരങ്ങൾ നിരീക്ഷിക്കും. പൊലീസ്, തീരദേശ പൊലീസ്, അഗ്നി രക്ഷാ സേന, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സേവനവും ഉണ്ടാകും. മത്സരിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പുഴയിലും കരയിലും ആവശ്യമായ സംവിധാനമൊരുക്കും. വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ വളരെ മുമ്പ് തന്നെ പരിശീലനം തുടങ്ങിയിരുന്നു. വള്ളത്തിന്റെ അമരത്ത് നിയന്ത്രണം ഏറ്റെടുക്കുന്ന അമരക്കാരനും തുഴച്ചിൽ ഒരേ താളത്തിൽ മുന്നോട്ട് നയിക്കുന്നവരും മത്സരത്തിന്റെ ഗതി നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ഓരോ തുഴച്ചിൽകാരന്റെ വിയർപ്പും കഠിനാധ്വാനവും ഒത്തു ചേരുമ്പോഴാണ് ഒരു വള്ളം വിജയത്തിലേക്ക് കുതിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home