വേണം, പൂടംകല്ല് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം സൗകര്യം

രാജപുരം മലയോര മേഖലയിലെ സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ മോർച്ചറി സംവിധാനവും പോസ്റ്റ്‌മോർട്ടം സൗകര്യവും ഏർപ്പെടുത്തണമെന്ന് ആവശ്യം. നിലവിൽ അപകടങ്ങളിലോ മറ്റ് സാഹചര്യങ്ങളിലോ മരണം സംഭവിക്കുന്നവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കോ, കാസർകോട് ജനറൽ ആശുപത്രിയിലേക്കോ, കണ്ണൂർ മെഡിക്കൽ കോളേജിലേക്കോ കൊണ്ടുപോകേണ്ട അവസ്ഥയാണ്. അപ്രതീക്ഷിത മരണങ്ങൾ സംഭവിക്കുന്ന സാഹചര്യങ്ങളിൽ മൃതദേഹം സൂക്ഷിക്കാൻ ആവശ്യമായ മോർച്ചറി സൗകര്യം ഇല്ലാത്തതും വലിയ പ്രതിസന്ധിയാണ്. മൃതദേഹം സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഇല്ലാത്തതിനാൽ മറ്റ് ആശുപത്രികളെയോ സ്വകാര്യ സംവിധാനങ്ങളെയോ ആശ്രയിക്കേണ്ടിവരികയാണ്. ഇതിന് ആവശ്യമായ കെട്ടിടസൗകര്യങ്ങൾ ഇവിടെത്തന്നെയുണ്ട്. മറ്റ് ആവശ്യമായ സൗകര്യങ്ങൾ, ഉപകരണങ്ങൾ, പരിശീലനം ലഭിച്ച ജീവനക്കാർ, ഡോക്ടർമാരുടെ സേവനം എന്നിവ ഉറപ്പാക്കി പദ്ധതി നടപ്പാക്കാൻ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. മലയോര മേഖലയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം കാണാൻ ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പുകളും മുൻകൈയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






0 comments