Deshabhimani

‘വേനൽത്തുന്പി’കളെത്തുന്നു പിറവികൊണ്ട മണ്ണിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2026, 03:00 AM | 1 min read

കാസർകോട്‌ കേരളത്തിൽ കുട്ടികളുടെ ആദ്യ സംഘടന പിറവിയെടുത്തത്‌ പിലിക്കോടിന്റെ മണ്ണിൽ. തൊണ്ണൂറ്‌ വർഷം മുന്പാണത്‌. 1936-ൽ പിലിക്കോട് രൂപംകൊണ്ട ദേശസേവാ ബാലഭാരത സംഘമാണ് രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിൽ രൂപംകൊണ്ട കുട്ടികളുടെ ആദ്യ സംഘടന. പിലിക്കോട് പ്രദേശത്തെ കമ്യൂണിസ്റ്റ്, കർഷക പ്രസ്ഥാനങ്ങളുടെ നേതാവായ പി സി കുഞ്ഞിരാമൻ അടിയോടിയുടെ ഉപദേശമനുസരിച്ചാണ്‌ സംഘടനയുടെ രൂപീകരണം. പന്ത്രണ്ടിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾ ചേർന്നാണ്‌ ദേശസേവാ ബാലഭാരത സംഘം എന്ന സംഘടന രൂപീകരിക്കുന്നത്‌. ഇന്നത്തെ പിലിക്കോട് ഗവ. യുപി സ്കൂളിലാണ്‌ അന്ന്‌ കുട്ടികൾ ഒത്തുചേർന്നത്‌. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ജന്മിത്വത്തിനും ജാതീയതയ്ക്കുമെതിരായ പ്രവർത്തനവുമായിരുന്നു സംഘടനയുടെ ലക്ഷ്യം. പി സി കുഞ്ഞിരാമൻ അടിയോടി തന്നെയാണ്‌ സംഘത്തിന്‌ ഭരണഘടനയും തയ്യാറാക്കിയത്‌. പയ്യാടക്കൻ കുഞ്ഞമ്പു നായർ പ്രസിഡന്റും പി നാരായണൻ നായർ സെക്രട്ടറിയായുമാണ്‌ ആദ്യ കമ്മിറ്റി. കുട്ടികളിൽ പ്രായംകുറഞ്ഞ സി കൃഷ്ണൻ നായരായിരുന്നു ജോ. സെക്രട്ടറിയായത്‌. പിൽക്കാലത്ത്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗംവരെയായ സി കൃഷ്‌ണൻ നായർക്ക്‌ അന്ന്‌ 12 വയസ്‌. കിഴക്കേ മഠത്തിൽ അപ്പുമാഷ് എന്നറിയപ്പെട്ടിരുന്ന പി സി നാരായണൻ അടിയോടി, പി സി കുഞ്ഞികൃഷ്ണൻ അടിയോടി എന്നിവർ സംഘടനയുടെ പ്രധാന പ്രവർത്തകരായിരുന്നു. സംഘം രൂപീകരിക്കുന്നതിന്‌ മറ്റ്‌ സ്ഥലങ്ങളിലേക്കും പിലിക്കോടുനിന്ന്‌ പ്രവർത്തകർ പോയിരുന്നതായി സി കൃഷ്‌ണൻ നായർ രേഖപ്പെടുത്തിയിട്ടുണ്ട്‌. കയ്യൂരിലെത്തിയ പ്രവർത്തകരെ അന്ന്‌ സ്വീകരിച്ചത് ചൂരിക്കാടൻ കൃഷ്ണൻ നായരുടെ നേതൃത്വത്തിലായിരുന്നു. കമ്യൂണിസ്‌റ്റ്‌ പാർടിക്കായി രഹസ്യ പ്രവർത്തനങ്ങളും പാർടി രേഖകളും പ്രസിദ്ധീകരണങ്ങളും സൂക്ഷിക്കുകയും രഹസ്യമായി വിതരണം ചെയ്യുകയുമായിരുന്നു സംഘത്തിന്റെ പ്രധാന പ്രവർത്തനം. പൊലീസ് പിടിക്കപ്പെടുമെന്ന അവസ്ഥയുണ്ടായപ്പോൾ പിലിക്കോട് രയരമംഗലം ക്ഷേത്രത്തിന് പടിഞ്ഞാറുള്ള കോട്ടത്തായിരുന്നു രേഖകൾ സൂക്ഷിച്ചിരുന്നത്. മദ്രാസ് നിയമസഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ കോൺഗ്രസ് സ്ഥാനാർഥി കെ ആർ കാരന്തിനായി സി കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പ്രചാരണം നടത്തിയിരുന്നു. നിരവധി നാടകങ്ങളും അക്കാലത്ത്‌ സംഘം അവതരിപ്പിച്ചിരുന്നു. 1940- –ഓടെ സംഘത്തിന്റെ പ്രവർത്തനം നിർജീവമായി. എൻ ഇ ബാലറാം അദ്ദേഹത്തിന്റെ "കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം' എന്ന പുസ്‌തകത്തിൽ ദേശസേവാ ബാലഭാരതസംഘത്തിന്റെ രൂപീകരണത്തെക്കുറിച്ച്‌ രേഖപ്പെടുത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home