പെരുമ്പെട്ടിയുടെ കാത്തിരിപ്പിന് ആഘോഷത്തോടെ അവസാനം

പി അനൂപ്
Published on Mar 02, 2026, 11:17 PM | 1 min read
റാന്നി
തലമുറകളായി ജീവിച്ചുവന്ന മണ്ണിന്റെ അവകാശം ഒടുവിൽ അവർക്ക് സ്വന്തമാകുന്നു. പെരുമ്പെട്ടിക്കാരുടെ മുക്കാൽ നൂറ്റാണ്ടോളം നീണ്ടുനിന്ന കാത്തിരിപ്പിന് അവസാനമായി. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗം പെരുമ്പെട്ടി പട്ടയത്തിന് അനുമതി നൽകിയതോടെ 70 വർഷത്തിലധികമായി നീണ്ട കാത്തിരിപ്പിനാണ് വിരാമമായത്.
മല്ലപ്പള്ളി താലൂക്കിൽ പെരുമ്പെട്ടി വില്ലേജിൽ ഉൾപ്പെട്ട പ്രദേശത്തെ 649 കൈവശക്കാർക്കാണ് തങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയം ലഭിക്കുക. -1971 ആഗസ്ത് ഒന്നിന് മുമ്പുള്ള കൈവശക്കാരെയും ഇവരിൽ നിന്ന് മുദ്രപത്രങ്ങൾ വഴിയും മറ്റും ഉടമസ്ഥാവകാശം കൈമാറി വാങ്ങിയ വരുമുൾപ്പെടെ 2014ന് മുമ്പ് ഇവിടെ കുടിയേറി വീടുവെച്ച്, കൃഷി ചെയ്ത് ജീവിക്കുന്നവരുമായ എല്ലാവർക്കും താമസിക്കുന്ന ഭൂമിക്ക് പട്ടയം ഉറപ്പായി.
വനം വകുപ്പ് ഉന്നയിച്ച അവകാശവാദമാണ് പെരുമ്പെട്ടി പട്ടയ വിതരണത്തിന് തർക്കമായത്. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ പെരുമ്പെട്ടിയിൽ എത്തുകയും പ്രശ്നത്തിൽ ഇടപെടുകയും ചെയ്തിരുന്നു. എന്നാൽ ചില ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലം പട്ടയ തീരുമാനം അനിശ്ചിതമായി നീണ്ടു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ അഭ്യർഥനയെ തുടർന്ന് റവന്യൂ മന്ത്രി കെ രാജൻ പ്രത്യേകം ഇടപെട്ട് വനംവകുപ്പുമായി സഹകരിച്ച് പ്രത്യേക ഡിജിറ്റൽ സർവെ നടത്തിയിരുന്നു.
പെരുമ്പെട്ടിയിലെ കൈവശ ഭൂമി വനത്തിന്റെ ജണ്ടായ്ക്ക് പുറത്താണെന്നും വനഭൂമിയിൽ കുറവില്ലെന്നും കണ്ടെത്തി. തുടർന്നാണ് റവന്യൂ വകുപ്പ് നിയമം, വനം, ധനകാര്യ വകുപ്പുകളുമായി സഹകരിച്ച് വിഷയത്തിൽ അന്തിമ തീരുമാനമെടുത്തത്. പട്ടയം ലഭ്യമാക്കാൻ അവസാന നിമിഷം ഉണ്ടായ നിയമക്കുരുക്ക് അതീവ സങ്കീർണമായിരുന്നു. എംഎൽഎയുടെ നിരന്തരമായ ഇടപെടൽ മൂലമാണ് അന്തിമ തീരുമാനം സാധ്യമാക്കിയത്.










0 comments