ad
Deshabhimani

എലോഹിം വർഷിപ്പ് സെന്ററിലെ അന്തേവാസികൾക്ക്‌ മർദനം

പ്രതികളായ 
ജീവനക്കാർ അറസ്റ്റിൽ

BENNY

ബെന്നി ബാബു

വെബ് ഡെസ്ക്

Published on Jun 21, 2026, 12:15 AM | 2 min read


പത്തനംതിട്ട
​ഓമല്ലൂർ എലോഹിം ഗ്ലോബൽ വർഷിപ്പ്‌ സെന്ററിൽ അന്തേവാസികളായ കുട്ടികളെ മർദിച്ച സംഭവത്തിൽ മാനേജർ ഉൾപ്പെടെ മൂന്ന്‌ ജീവനക്കാർ അറസ്റ്റിൽ. മാനേജർ മുട്ടത്തുകോണം പുല്ലാമല ഇരുന്നകുഴിക്കൽ പുതുവേലിൽ വീട്ടിൽ റെജി സോളമൻ (42), പ്രമാടം മല്ലശ്ശേരി വട്ടക്കുളഞ്ഞി ചരിവുകാലായിൽ വീട്ടിൽ ബെന്നി ബാബു (38), കൊല്ലം പൂയപ്പള്ളി കാറ്റാടി മരുതമൺപള്ളി ബിജോ ഭവനിൽ സിജോ കുഞ്ഞുമോൻ (34) എന്നിവരെയാണ് ഇലവുംതിട്ട പൊലീസ് ശനിയാഴ്ച അറസ്‌റ്റുചെയ്തത്.
പാസ്‌റ്റർ ബിനു വാഴമുട്ടത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്‌ സ്ഥാപനം. ഇതിന്റെ ചെന്നീർക്കര ഉന്നുകൽ വെട്ടോലിമലയിലെ കേന്ദ്രത്തിലാണ്‌ കുട്ടികൾക്ക്‌ മർദനമേറ്റത്‌. ഇടുക്കി അമ്പലമേട് സ്വദേശിയായ 17കാരനെ അതിക്രൂരമായി മർദിച്ചെന്ന പരാതി കട്ടപ്പന പൊലീസിന്‌ ലഭിച്ചതിനെ തുടർന്നാണ്‌ പ്രതികൾക്കെതിരെ അന്വേഷണം ആരംഭിച്ചത്‌. ഇതിനിടെ എരുമേലി സ്വദേശിയായ 15കാരനെ മർദിച്ചെന്ന പരാതിയും പൊലീസിന്‌ ലഭിച്ചു. മോഷണക്കുറ്റം ആരോപിച്ചാണ്‌ ജീവനക്കാർ കുട്ടികളെ മർദിച്ചത്‌. ശിശുസംരക്ഷണ വകുപ്പ്‌ ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ മറ്റ്‌ അന്തേവാസികളെയും മർദിക്കാറുണ്ടെന്ന്‌ വിവരം ലഭിച്ചു.
ദിവസങ്ങളായി ഒളിവിലായിരുന്ന പ്രതികളെയാണ്‌ ശനിയാഴ്‌ച പിടികൂടിയത്‌. ഇലവുംതിട്ട സിഐ അനീഷ് കരിം, എസ്ഐ ഉണ്ണികൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ അറസ്‌റ്റ്‌. പ്രതികളെ ഞായറാഴ്‌ച മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കും.


സ്ഥാപനം തുറന്നുനൽകിയെന്ന്‌ സമ്മതിച്ച്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌
പത്തനംതിട്ട
ഓമല്ലൂർ എലോഹിം ഗ്ലോബൽ വർഷിപ്പ്‌ സെന്ററിൽ അന്തേവാസികൾക്ക്‌ മർദനമേറ്റ സംഭവത്തിൽ പാസ്റ്റർ ബിനു വാഴമുട്ടത്തെ സംരംക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന്‌ ചെന്നീർക്കര പഞ്ചായത്ത് പ്രസിഡന്റ്‌ കൊച്ചുമോൾ കോശി. അന്തേവാസികളെ അവിടെനിന്ന്‌ മാറ്റിയെന്നും തനിക്ക്‌ പാസ്റ്ററെ പരിചയമില്ലെന്നും പറഞ്ഞായിരുന്നു കൈകഴുകൽ.
അതേസമയം സാധനങ്ങൾ എടുക്കാനെന്ന പേരിൽ സ്ഥാപനം വീണ്ടും തുറന്നുനൽകിയതായി കൊച്ചുമോൾ വാർത്താസമ്മേളനത്തിൽ സമ്മതിച്ചു. സാമൂഹ്യനീതിവകുപ്പും പൊലീസും സംയുക്തമായി തീരുമാനിച്ചാണ്‌ സ്ഥാപനം വീണ്ടും തുറക്കാൻ അനുമതി നൽകിയതെന്ന്‌ അവർ വ്യക്തമാക്കി. താക്കോൽ വാങ്ങാനാണ്‌ ബിനു വാഴമുട്ടം തന്നെ കാണാൻ എത്തിയതെന്നും മറ്റ്‌ മുൻപരിചയമില്ലെന്നുമാണ്‌ അവരുടെ വാദം. 


സ്ഥാപന ഉടമയെ അറസ്‌റ്റ്‌ ചെയ്യണം
പത്തനംതിട്ട  
കുട്ടികൾക്കു നേരെയുണ്ടായ ക്രൂരമായ ശാരീരികാക്രമണത്തിൽ സ്ഥാപന ഉടമയെയും അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെന്റ്‌ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബാലവേല, ചൂഷണം, വഞ്ചന, അവഗണന, ഭീഷണിപ്പെടുത്തൽ, മറ്റ് നിയമവിരുദ്ധ പ്രവൃത്തികൾ എന്നിവയെ  സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. നിലവിലെടുത്ത കേസുകളിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയൽ  നിയമത്തിലെ പ്രധാന വകുപ്പുകളും ഭാരതീയ ന്യായ സംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകളും പൂർണമായും ഉൾപ്പെടുത്തണമെന്നും ജില്ലാ കൺവീനർ സലിൽ വയലത്തല ആവശ്യപ്പെട്ടു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home