ad
Deshabhimani

ഇനി ഫോക്കസ്‌ ഭാവിയിലാണ്‌...

s

ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാനും കരിയര്‍ ഗൈഡന്‍സ് നല്‍കാനുമായി ദേശാഭിമാനി സംഘടിപ്പിച്ച 
‘ഫോക്കസ് 2026’ മേയര്‍ ഒ സദാശിവന്‍ ഉദ്ഘാടനം ചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Jun 21, 2026, 01:14 AM | 2 min read

കോഴിക്കോട്‌

എസ്‌എസ്‌എൽസി–പ്ലസ്‌ടു വിദ്യാർഥികൾക്കായി വിദ്യാഭ്യാസരംഗത്തെ പുതിയ സാധ്യതകൾ തുറന്നിട്ട്‌ ദേശാഭിമാനി "ഫോക്കസ്‌ 2026'. പരീക്ഷാഫലം അറിഞ്ഞുകഴിയുമ്പോൾ തുടങ്ങുന്ന ആശങ്കയാണ്‌ ഇനി എന്ത്‌?, എങ്ങനെ? എന്നൊക്കെ... പ്രത്യേകിച്ച് പത്താം ക്ലാസ്, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും. പലരിൽനിന്നും ഈ ചോദ്യം അഭിമുഖീകരിക്കേണ്ടി വരും. ഇതിനെല്ലാമുള്ള ഉത്തരമാണ്‌ ദേശാഭിമാനി "ഫോക്കസ്‌ 2026' ഒരുക്കിയത്‌. കുട്ടികളുടെ കഴിവിനും അഭിരുചിക്കുമനുസരിച്ച്‌ ആധുനികവും മികച്ചതുമായ കോഴ്‌സുകളും അതിന്റെ സാധ്യതകളുമറിയാൻ ഫോക്കസ്‌ വഴിയൊരുക്കി. സാധ്യതകളുടെ അനന്തമായ ലോകം തുറന്നപ്പോൾ പടർന്നത് പ്രതീക്ഷയുടെ പൊൻകിരണങ്ങളാണ്‌. മനസ്സാകെ പുതിയ വെളിച്ചവുമായാണ്‌ കുട്ടികളും രക്ഷിതാക്കളും മടങ്ങിയത്‌.

‘ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ കൊമേഴ്‌സ്‌ ലക്ഷ്യ’യുടെ സഹകരണത്തോടെ കോഴിക്കോട്‌ നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മേയർ ഒ സദാശിവൻ ഉദ്‌ഘാടനംചെയ്തു. ദേശാഭിമാനി യൂണിറ്റ്‌ മാനേജർ പ്രദീപ്‌ മോഹൻ അധ്യക്ഷനായി. എസ്‌എസ്‌എൽസി, പ്ലസ്‌ ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിനും എ പ്ലസ്‌ നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ബ്യൂറോ ചീഫ്‌ പി വി ജീജോ, പരസ്യവിഭാഗം മാനേജർ എം രാജേഷ്‌ ബാബു എന്നിവർ ഉപഹാരം കൈമാറി. ന്യൂസ്‌ എഡിറ്റർ പി സുരേശൻ സ്വാഗതവും സീനിയർ മാർക്കറ്റിങ്‌ എക്‌സിക്യൂട്ടീവ്‌ എം അനൂപ്‌ നന്ദിയും പറഞ്ഞു. പ്രശസ്‌ത കരിയർ കോച്ചും ക‍ൗൺസലിങ്‌ സൈക്കോളജിസ്‌റ്റുമായ ഡോ. കെ കെ കുഞ്ഞമ്മദ്‌, ഐഐസി ലക്ഷ്യ പ്രതിനിധി സി ജിതിന്‍ എന്നിവർ ക്ലാസെടുത്തു.


വിദ്യാർഥികൾക്ക്‌ മുന്നിലുള്ളത്‌ വിശാലമായ ലോകം: ഒ സദാശിവൻ

കോഴിക്കോട്‌

ഇന്ന്‌ വിദ്യാർഥികൾക്ക്‌ മുന്നിൽ വിശാലമായ അവസരങ്ങളുടെയും സാധ്യതകളുടെയും ലോകം തുറന്നുകിടക്കുന്നതായി മേയർ ഒ സദാശിവൻ പറഞ്ഞു. പരീക്ഷകളിൽ മികച്ച വിജയം നേടുന്നവർക്ക്‌ മുന്നിൽ എക്കാലവുമുള്ള ചോദ്യമാണ്‌ ഭാവിപഠനത്തെക്കുറിച്ചുള്ളത്‌. ആശങ്കകൾ പലരുമായും പങ്കുവച്ചശേഷവും ഏത്‌ കോഴ്‌സ്‌ തെരഞ്ഞെടുക്കുമെന്ന കാര്യത്തിൽ സംശയമുണ്ടാകും. ഇന്ന്‌ വിപുലമായ രീതിയിൽ ഭാവി തുറന്നുതരുന്ന സംവിധാനങ്ങളുണ്ട്‌–"ദേശാഭിമാനി ഫോക്കസ്‌ 2026' നളന്ദ ഓഡിറ്റോറിയത്തിൽ ഉദ്‌ഘാടനംചെയ്യുകയായിരുന്നു മേയർ.

ശാസ്‌ത്ര സാങ്കേതികവിദ്യയുടെ വളർച്ചയുടെ ഭാഗമായി ഇന്ന്‌ ഒരുപാട്‌ തൊഴിലവസരങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്‌. പരിചിതമല്ലാത്ത മേഖലകളിൽപോലും അനേകം അവസരങ്ങളുണ്ടെന്നും മേയർ പറഞ്ഞു.



കരിയർ വിട്ട്‌ കളിക്കല്ലേ...

മാനാഞ്ചിറ ബിഇഎം സ്‌കൂളിലെ പ്ലസ്‌ ട‍ു വിദ്യാർഥി പ്രണത നായർക്ക്‌ ഒരു പന്ത്‌ കൊടുത്ത്‌ പ്രശസ്‌ത കരിയർ കോച്ച്‌ ഡോ. കെ കെ കുഞ്ഞമ്മദ്‌ പറഞ്ഞു, സ്‌റ്റേജിലെ ഏതെങ്കിലും ഒരിടം ലക്ഷ്യംവെച്ച്‌ പന്തെറിയാൻ. ആദ്യതവണ പ്രണതയ്ക്ക്‌ ലക്ഷ്യം തെറ്റി, അടുത്ത തവണയും തെറ്റി. പലതവണ ലക്ഷ്യം തെറ്റിയ പന്ത്‌ അവസാനം കൃത്യസ്ഥാനത്ത്‌ കൊണ്ടു. ""ലക്ഷ്യത്തിലെത്താൻ നമുക്ക്‌ മുന്നിൽ ഒരുപാട്‌ മാർഗങ്ങളുണ്ട്‌. ഒരു മാർഗം പരാജയപ്പെടുമ്പോൾ ലക്ഷ്യം ഉപേക്ഷിക്കുന്നതിന്‌ പകരം അടുത്ത മാർഗം തേടാം, പഴയ മാർഗം തന്നെ പലതവണ പ്രയോഗിക്കാം. ലക്ഷ്യം മറക്കുകയോ, ശ്രമം ഉപേക്ഷിക്കുകയോ ചെയ്യരുത്‌''– കുഞ്ഞമ്മദ്‌ തുടർന്നു. ആ വാക്കുകൾ പ്രണതക്കൊപ്പം "ദേശാഭിമാനി ഫോക്കസ്‌ 2026'ന്റെ കരിയർ ഗൈഡൻസ്‌ ക്ലാസിനെത്തിയ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആത്മവിശ്വാസം പകരുന്നതായിരുന്നു. മികച്ച കരിയർ നേടിയെടുക്കാൻ എന്തൊക്കെ ശീലിക്കണം, ഒഴിവാക്കണം തുടങ്ങിയ വിവിധ കാര്യങ്ങളും ക്ലാസിൽ വിശദീകരിച്ചു. ""ലോകത്ത്‌ 12,000 മുതൽ 20,000 കരിയറുകളുണ്ട്‌''– ക്ലാസിൽ പങ്കെടുക്കാനെത്തിയ ഭൂരിഭാഗം പേരുടെയും മുഖത്ത്‌ ഇത്‌ കേട്ടപ്പോൾ ആശ്ചര്യമായി. ഇ‍ൗ അനന്തമായ തൊഴിൽലോകത്ത്‌ എത്താനുള്ള മാർഗനിർദേശങ്ങളും കുഞ്ഞമ്മദ് വിശദീകരിച്ചു. എന്തൊക്കെ പഠിക്കണം, എങ്ങനെ പഠിക്കണം, ഏത്‌ വിഷയങ്ങൾ തെരഞ്ഞെടുത്താൽ ഭാവിയിൽ ഏത്‌ മേഖലയിൽ ജോലിചെയ്യാം തുടങ്ങിയ കാര്യങ്ങളിൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമുള്ള സംശയങ്ങൾ ദുരീകരിക്കുന്നതായിരുന്നു ക്ലാസ്‌. പാട്ടുകളിലൂടെയും അനുഭവ കഥകളിലൂടെയും ചെറിയ കളികളിലൂടെയും മുന്നോട്ടുനീങ്ങിയ ക്ലാസ്‌ കുട്ടികൾക്ക്‌ പുതിയ അനുഭവമായി. ഐഐസി ലക്ഷ്യ പ്രതിനിധി സി ജിതിനും വിവിധ മേഖലകളിലെ സാധ്യതകളെക്കുറിച്ച്‌ ക്ലാസ്‌ നയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home