ട്രാക്കിലല്ല കായിക സ്വപ‍്നങ്ങൾ

രണ്ടാംഘട്ട നിർമാണം പുരോഗമിക്കുന്ന ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയം
ആലപ്പുഴ
ജില്ലയുടെ കായിക ലക്ഷ്യങ്ങളെ അവഗണിച്ച് യുഡിഎ-ഫ് സർക്കാരിന്റെ കന്നി ബജറ്റ്. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിന്റെയും ചെങ്ങന്നൂർ ജില്ലാ സ്റ്റേഡിയത്തിന്റെയും നിർമാണം പൂർത്തിയാക്കാൻ പ്രത്യേക സഹായവും കനോയിങ്, കയാക്കിങ് പരിശീലന സൗകര്യവുമെല്ലാം പ്രതീക്ഷകളിലുണ്ടായിരുന്നെങ്കിലും അനുകൂല പ്രഖ്യാപനങ്ങളൊന്നുമില്ല. ഇഎംഎസ് സ്റ്റേഡിയം നിർമാണം തുടങ്ങിയത് 2006ലാണ്. 17 കോടി രൂപ ചെലവിട്ട് ഒന്നാംഘട്ടം പൂർത്തിയാക്കി. രണ്ടാംഘട്ട നിർമാണത്തിന് പിണറായി സർക്കാർ കിഫ്ബിയിൽനിന്ന് 8.62 കോടി രൂപ അനുവദിച്ചു. ഗ്യാലറിയുടെ നിർമാണം, ബാസ്‌കറ്റ് ബോൾ, വോളിബോൾ കോർട്ട് തുടങ്ങിയവയാണ് മൂന്നാംഘട്ടത്തിൽ. ഇതിന് തുക അനുവദിച്ചില്ല. കനോയിങ്, കയാക്കിങ് മത്സരങ്ങൾക്ക് പുന്നമട സായി അക്കാദമിയിൽ മാത്രമാണ് സൗകര്യം. സംസ്ഥാന ദേശീയ മത്സരങ്ങൾ നടക്കുന്നതും സായിയിലാണ്. അക്കാദമിക്ക് പുറത്തെ കായികതാരങ്ങൾക്ക് സായിയിൽ പരിശീലനാനുമതിയില്ല. ഇതിന് പരിഹാരമായാണ് പുതിയ പരിശീലന കേന്ദ്രം നിർമിക്കണമെന്ന ആവശ്യം ഉയർന്നത്. ഇതിനെയും യുഡിഎഫ് നിരാകരിച്ചു. ചെങ്ങന്നൂർ ജില്ലാ സ്റ്റേഡിയത്തിൽ ഹോസ്റ്റൽ നിർമാണത്തിന് കഴിഞ്ഞ ബജറ്റിൽ മൂന്നുകോടി അനുവദിച്ചിരുന്നു. പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തിയെങ്കിലും 100 രൂപ മാത്രമാണ് ടോക്കണായി അനുവദിച്ചത്. അതിനാൽ സാങ്കേതിക അനുമതി ലഭിക്കില്ല. കൈതവന സ്പോർട്‌സ് കോംപ്ലക്സ്, ആലപ്പുഴ ഗവ. കോളേജ്, മെഡിക്കൽ കോളേജ്, ആര്യാട്, ആലപ്പുഴ എന്നിവിടങ്ങളിൽ ഇൻഡോർ സ്റ്റേഡിയം നിർമാണത്തിനും അനുമതി ലഭിച്ചിരുന്നു. ഇവയ്‌ക്കും ഇത്തവണ തുക അനുവദിച്ചില്ല. കായികമേഖലയെ പിന്നോട്ടടിക്കുന്ന പ്രവർത്തിയാണ് യുഡിഎ-ഫ് സർക്കാരിന്റേതെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് വി ജി വിഷ്ണു പറഞ്ഞു.








0 comments