അംഗീകാരം, സ്നേഹധമനികളിൽ ഹൃദയം പകർന്നതിന്

ഏറ്റവുമധികം രക്തദാനം നടത്തിയതിനുള്ള പുരസ്കാരം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എൽ ജി ലിജീഷ് മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക് അസോസിയേറ്റ് പ്രൊഫസർ ഡോ. ദീപയിൽ നിന്ന് ഏറ്റുവാങ്ങുന്നു

സ്വന്തം ലേഖകൻ
Published on Jun 21, 2026, 01:05 AM | 1 min read
കോഴിക്കോട്
ജില്ലയിൽ ഏറ്റവുമധികം രക്തം ദാനംചെയ്ത യുവജന സംഘടനയ്ക്കുള്ള അംഗീകാരം വീണ്ടും ഡിവൈഎഫ്‌ഐക്ക്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഈ വർഷം ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനയ്ക്കുള്ള പുരസ്‌കാരമാണ് ഡിവൈഎഫ്‌ഐ വീണ്ടും സ്വന്തമാക്കിയത്.
2021 ജനുവരിയിൽ ജില്ലാക്കമ്മിറ്റി ആരംഭിച്ച സ്നേഹധമനി ക്യാമ്പയിന്റെ ഭാഗമായാണ് തുടർച്ചയായ വർഷങ്ങളിൽ പുരസ്‌കാരം ലഭിക്കുന്നത്.
എല്ലാ ദിവസവും ജില്ലയിലെ ചുമതലപ്പെടുത്തിയ മേഖലാ കമ്മിറ്റികളിൽനിന്ന് പത്താളുകൾ മെഡിക്കൽ കോളേജിൽ രക്തം ദാനംചെയ്യുന്നുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ബ്ലഡ് ബാങ്കിന്റെ ആവശ്യപ്രകാരവും രക്തദാനം നടത്തുന്നു. രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച് വിവിധയിടങ്ങളിൽ രക്തലഭ്യത ഉറപ്പുവരുത്തുന്നുമുണ്ട്.
വിവിധ ബ്ലോക്ക്, മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ രക്തദാനസേനയും പ്രവർത്തിക്കുന്നു. നിപായും കോവിഡും പോലെയുള്ള പ്രതിസന്ധി കാലത്തെല്ലാം രക്തബാങ്കിൽ ലഭ്യത ഉറപ്പാക്കാൻ നിരന്തര ഇടപെടലാണ് ഡിവൈഎഫ്‌ഐ നടത്തിയിട്ടുള്ളത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച പരിപാടിയിൽ ബ്ലഡ് ബാങ്ക് അസോസിയേറ്റ് പ്രൊഫസർ ഡോ. ദീപയിൽനിന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എൽ ജി ലിജീഷ് പുരസ്കാരം ഏറ്റുവാങ്ങി. പ്രസിഡന്റ് കെ അരുൺ, സംസ്ഥാന കമ്മിറ്റിയംഗം കെ ഷഫീഖ്, ജില്ലാ സെക്രട്ടറിയറ്റംഗം ആർ ഷാജി, ബ്ലഡ് ബാങ്ക് അസി. പ്രൊഫസർ ഡോ. അനു തോമസ്, ഡോ. ജാസ്മിൻ, മാഹിൻ എന്നിവർ സംസാരിച്ചു.










0 comments