ഇന്ന് ദേശീയ അധ്യാപക ദിനം
ആശയങ്ങൾ വറ്റാത്ത അറിവിടം

ഷാജി എ സലാം
പി അനൂപ്
Published on Sep 05, 2025, 12:05 AM | 1 min read
റാന്നി
വ്യത്യസ്ത ആശയങ്ങൾ കൊണ്ടും മികവുറ്റ സേവനം കൊണ്ടും റാന്നിയുടെ വിദ്യാഭ്യാസ- സാമൂഹിക മേഖലകളിൽ പുത്തൻ വഴിതുറന്ന ഷാജി എ സലാം ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുകയാണ്. വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ സംഭാവനകൾ നൽകുന്ന റാന്നി ബിപിസി ഷാജി എ സലാമിനെ പോലെയുള്ള കർമ്മോത്സുകരായ അധ്യാപകർ കുട്ടികൾക്ക് പുതിയ പാതകൾ വെട്ടിക്കൊടുക്കുകയാണ്. അധ്യാപകർ സോഷ്യൽ എൻജിനീയറാകണം എന്നതിനെ അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്നതാണ് ഷാജി എ സലാമിന്റെ പ്രവർത്തനങ്ങൾ. ഓരോ അധ്യാപക ദിനവും സ്വയം കൂടുതൽ മെച്ചപ്പെടാനുള്ള അവസരമായാണ് ഷാജിസാർ കാണുന്നത്.
റാന്നി ഉപജില്ലയുടെ അക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വ നൽകുന്ന സമഗ്ര ശിക്ഷാ കേരളയുടെ റാന്നി ബ്ലോക്ക് പ്രോജക്ട് കോ -ഓർഡിനേറ്ററുമാണ് അദ്ദേഹം. തിരുവല്ല ഗവ. മോഡൽ ഹൈസ്കൂൾ അധ്യാപകനായിരിക്കുമ്പോഴാണ് അന്യത്ര സേവന വ്യവസ്ഥയിൽ റാന്നി ബിപിസിയാകുന്നത്. സമഗ്ര ശിക്ഷാ കേരളയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ അധ്യാപകരിലും വിദ്യാലയങ്ങളിലും എത്തിക്കാൻ ശ്രമിച്ചു. റാന്നി കേന്ദ്രീകരിച്ച് അദ്ദേഹം നടത്തിയ തനതു പരിപാടികളിൽ പലതും സംസ്ഥാന തലത്തിൽ ചർച്ചയായവയാണ്. ഭിന്നശേഷി മേഖലയിൽ കുട്ടികൾക്ക് കരുതലും കൈത്താങ്ങുമായി. ശയ്യാവലംബികളായ കുട്ടികളുടെ ഭവന സന്ദർശനങ്ങൾ മുതൽ കുട്ടികളെ കടലുകാണിക്കാൻ എത്തിച്ചതു വരെയുള്ള കാര്യങ്ങൾ രക്ഷിതാക്കൾക്ക് മറക്കാൻ പറ്റില്ല. ശബരിമല ആദിവാസി ഉന്നതികളിലെ പ്രവർത്തനങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പ് പലതവണ പ്രശംസിച്ചിട്ടുണ്ട്. പലകാരണങ്ങളാൽ വിദ്യാലയങ്ങളിൽ പോകാതെയിരുന്ന വിദ്യാർഥികളെ വിദ്യാലയങ്ങളിൽ എത്തിക്കാൻ ഇടപെടലുകൾ നടത്തി. പരിസ്ഥിതി വിദ്യാഭ്യാസ പ്രചാരണത്തിനായി നടത്തിയ ഗ്രീൻ ജേർണി ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. ഭാര്യ: എഫ് അജിനി (അധ്യാപിക ഗവ. ഹയർ സെക്കൻഡറി സ്കൂൾ കോന്നി)മക്കൾ: അംജത ഷാജി, അൻസിഫ് സലാം, അൻസിൽ സലാം.










0 comments