ജില്ലയിൽ സ്വകാര്യബസ് സമരം പൂർണം
ഒരു ബസും ഓടിയില്ല

പ്രിയദർശനി പദ്ധതിയോടെ യാത്രക്കാരില്ലാതെ ദുരിതത്തിലായതിനെ തുടർന്ന് സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും നടത്തിയ പണിമുടക്കിനെ തുടർന്ന് വിജനമായ പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡ്
പത്തനംതിട്ട
ജില്ലയിലാകെ ബുധനാഴ്ച സ്വകാര്യബസുകൾ നടത്തിയ പണിമുടക്കം സമ്പൂർണം. രാഷ്‌ട്രീയഭേദമന്യേ തൊഴിലാളി സംഘടനകൾ പണിമുടക്കിന് പിന്തുണ നൽകിയതോടെ ബസുകൾ പൂർണമായും സർവീസ് നിർത്തിവച്ചു. കെഎസ്‌ആർടിസി സർവീസുകൾ കുറവുള്ള റൂട്ടുകളെ സമരം സാരമായി ബാധിച്ചു. സ്കൂൾ, കോളേജ് വിദ്യാർഥികൾക്കും ജോലിക്കാർക്കും മറ്റ് ഗതാഗത മാർഗങ്ങൾ തേടേണ്ടിവന്നു.
സ്വകാര്യ ബസ് സർവീസ് ജില്ലയ്ക്ക് അത്യാവശ്യമാണന്ന് വ്യക്തമാക്കുന്നതായിരുന്നു പണിമുടക്കം. സ്വകാര്യബസുകൾ ഇല്ലാതിരുന്നതിനാൽ കെഎസ്‌ആർടിസികളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തകർന്നടിഞ്ഞ വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള കലക്ടറേറ്റ് മാർച്ചും ധർണയും ബുധൻ രാവിലെ പൊതുഗതാഗത സംരക്ഷണ സമിതി അധ്യക്ഷൻ കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. തൊഴിലാളി സംഘടനകളായ സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും ഓർഗനൈസേഷനും മാർച്ചിന് നേതൃത്വം നൽകും. പ്രിയദർശിനി സൗജന്യ സ്‌ത്രീ യാത്ര പദ്ധതി മൂലം സാസത്തികമായും മാനസികമായും പ്രയാസമനുഭവിക്കുന്ന സ്വകാര്യ ബസ് ഉടമകളെയും തൊഴിലാളിളെയും സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 20 മുതൽ 25വരെ സെക്രട്ടറിയറ്റിന് മുന്നിൽ റിലേ സമരം നടത്താനും സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. പ്രിയദർശിനി പദ്ധതിയിൽ സ്വകാര്യബസുകളെക്കൂടി ഉൾക്കൊള്ളിക്കുക, കിലോമീറ്ററിന് 55 രൂപ വാടക നൽകി സ്വകാര്യ ബസുകൾകൂടി ഏറ്റെടുക്കുക, അർഹതയുള്ളവർക്ക് മാത്രമായി സൗജന്യയാത്രാ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും.
ധർണയിൽ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് സി മനോജ് കുമാർ അധ്യക്ഷനായി. സിഐടിയു പ്രതിനിധികളായി കെ പി ഉദയഭാനു, പി ബി ഹർഷകുമാർ എന്നിവർ സംസാരിച്ചു. പി എസ് ശശി (ബിഎംഎസ്), ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ലാലു മാത്യു, ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി വേണു കെ നായർ, ബിഎംഎസ് ജില്ലാ സെക്രട്ടറി എ എസ് രഘുനാഥ്, അഡ്വ. ആർ മനു എന്നിവരും സംസാരിച്ചു.
നിശ്ചലമായി മലയോര മേഖല
പണിമുടക്കം ഏറ്റവുമധികം ബാധിച്ചത് സ്വകാര്യബസുകൾ മാത്രം സർവീസ് നടത്തുന്ന ജില്ലയില മലയോര മേഖലകളെ. പത്തനംതിട്ട, കോന്നി, റാന്നി പോലെയുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് മലയോര, വന മേഖലകളിൽ നിന്ന് സ്വകാര്യ ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഇവിടങ്ങളിൽ നിന്ന് മാത്രമെ മറ്റ് റൂട്ടുകളിലേക്ക് കെഎസ്‌ആർടിസി സർവീസുള്ളൂ. സീതത്തോട്, ആങ്ങമൂഴി, തണ്ണിത്തോട്, തേക്കുതോട്, കരിമാൻതോട്, മണ്ണീറ നിവാസികളെല്ലാം സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്.
റാന്നി,- വടശ്ശേരിക്കര, റാന്നി- കോഴഞ്ചേരി, റാന്നി- അത്തിക്കയം -പെരുനാട് എന്നിവിടങ്ങളിലേക്ക് പ്രധാനമായും യാത്രക്കാർ ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. ഇവ പൂർണമായും പണിമുടക്കിയത് യാത്രക്കാർക്ക് ബുദ്ധിമുട്ടായി.









0 comments