കോന്നി ഇക്കോ ടൂറിസം സെന്ററിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്
ഒരാഴ്‌ച 10.59 ലക്ഷം വരുമാനം

ഷാഹീർ പ്രണവം
Published on Jan 01, 2026, 12:05 AM | 1 min read
കോന്നി
ക്രിസ്‌മസും പുതുവർഷവും ആഘോഷിക്കാൻ വിനോദ സഞ്ചാരികൾ ഒഴുകിയെത്തിയതോടെ കോന്നി ഇക്കോ ടൂറിസം സെന്ററിൽ റെക്കോർഡ് കലക്ഷൻ. കോന്നി ആനത്താവളം കേന്ദ്രീകരിച്ചുള്ള ഇക്കോ ടൂറിസം സെന്ററിൽ വിദേശ, സ്വദേശ വിനോദ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഏഴുദിവസത്തിൽ 10,59,210 രൂപയുടെ വരുമാനവും നേടി.
ക്രിസ്‌മസ് ദിവസമായ 25 മുതൽ 31 വരെ 7,550 വിനോദ സഞ്ചാരികളാണ് സന്ദർശനം നടത്തി മടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഏറ്റവും കൂടുതൽ സന്ദർശകരെത്തിയത്, 1737 പേർ. ആറുലക്ഷം രൂപയാണ് ഏഴുദിവസം കൊണ്ട് സന്ദർശന പാസ് മുഖേനയുള്ള വരുമാനം. 80,000 രൂപയാണ് ക്യാന്റീൻ വരുമാനം. ആന മ്യൂസിയത്തിലെ ത്രീഡി തിയറ്റർ വരുമാനം 59,300 രൂപ. ഇക്കോ ടൂറിസം സെന്ററിൽ ഫോറസ്റ്റ് ഡവലപ്മെന്റ് ഏജൻസി വനസംരക്ഷണ സമിതിയംഗങ്ങൾ നടത്തുന്ന വനവിഭവ വിൽപ്പനകേന്ദ്രത്തിൽ 3,19,910 രൂപയുടെ വിൽപ്പന നടന്നു. തേൻ, കുന്തിരിക്കം, പുൽതൈലം, കരകൗശല വസ്തുക്കൾ, മറയൂർ വനവിഭവങ്ങൾ എന്നിവയാണ് വിൽപ്പനയ്ക്കുള്ളത്. ആദിവാസികളിൽനിന്ന് നേരിട്ട് ശേഖരിക്കുന്ന തേനിന് ആവശ്യക്കാരേറെയാണ്. സ്റ്റോക്ക് തീർന്നതിനെ തുടർന്ന് വയനാട്ടിൽനിന്ന് തേൻ എത്തിച്ചാണ് ഇപ്പോൾ വിതരണം.
കോന്നി ആനത്താവളം കേന്ദ്രീകരിച്ച് നടത്തിയ ഗവി വിനോദ സഞ്ചാരയാത്ര പുനഃരാരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്. മാസങ്ങൾക്കുമുമ്പ് ആനത്താവളത്തിലെ പഴയ കോൺക്രീറ്റ് തൂൺ വീണ് കുട്ടി മരിക്കാനിടയായ സാഹചര്യത്തെ തുടർന്ന് ഇവിടം ഒരു മാസത്തോളം അടച്ചിട്ടിരുന്നു. തുടർന്നാണ് ഗവി യാത്ര മുടങ്ങിയത്. നിലവിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ഉല്ലാസയാത്രയെയാണ് വിനോദ സഞ്ചാരികൾ ആശ്രയിക്കുന്നത്.
വേണം കൂടുതൽ ആനകൾ
കുട്ടിയാനകളുടെ സാന്നിധ്യമായിരുന്നു എക്കാലത്തും ആനത്താവളത്തിലെത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിച്ചിരുന്നത്. അഞ്ചുമാസം മുമ്പ് കുട്ടിക്കൊമ്പൻ കൊച്ചയ്യപ്പൻ ചരിഞ്ഞതോടെ കുട്ടിയാനകൾ ഇല്ലാതാകുകയും ആനകളുടെ എണ്ണം കുറയുകയും ചെയ്തു. പ്രിയദർശിനി, ഐവ, മീന, കൃഷ്ണ എന്നീ നാല് ആനകൾ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. കുറുമ്പ് കാട്ടി വിനോദസഞ്ചാരികളെ ആകർഷിച്ചിരുന്ന കൃഷ്ണ ഇപ്പോൾ മദപ്പാടിലാണ്. കോട്ടൂർ ആനത്താവളത്തിൽനിന്നും കുട്ടിയാന അടക്കം കൂടുതൽ ആനകളെ എത്തിക്കുന്നതുവഴി കൂടുതൽ വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ കഴിയും.










0 comments