ad
Deshabhimani

എസ്‌എസ്‌എൽസി

ജില്ലയെ നന്പർ വണ്ണാക്കിയത്‌ ‘കരുതലും കരുത്തും’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on May 18, 2026, 12:05 AM | 1 min read

പത്തനംതിട്ട

എസ്എസ്എൽസി വിജയശതമാന റാങ്കിൽ പതിനൊന്നാമതായിരുന്ന ജില്ലയെ ഒന്നിലെത്തിച്ചതിനു പിന്നിൽ കഴിഞ്ഞ ജില്ലാ പഞ്ചായത്ത്‌ ഭരണസമിതിയുടെ ‘കരുതലാകാം കരുത്തോടെ’ പദ്ധതിയും. വിജയശതമാനത്തിൽ സംസ്ഥാന ശരാശരിയേക്കാൾ മുകളിലെത്താൻ മുൻവർഷങ്ങളിൽ കഴിഞ്ഞിട്ടുണ്ടെങ്കിലും ജില്ല വീണ്ടും ഒന്നാമതെത്തുന്നത്‌ ആറുവർഷത്തിനുശേഷമാണ്‌. 99.73 ആണ്‌ ഇത്തവണത്തെ വിജയശതമാനം.

വിദ്യാഭ്യാസവകുപ്പിന്റെയും വിദ്യാകിരണത്തിന്റെയും സഹകരണത്തോടെയായിരുന്നു പ്രൈമറി മുതൽ ഹൈസ്‌കൂൾതലംവരെയുള്ള സമ്പൂർണ രക്ഷാകർതൃ ശാക്തീകരണ പദ്ധതി നടപ്പാക്കിയത്‌. ശാസ്‌ത്രീയ അറിവിന്റെയും അതിലുപരി തിരിച്ചറിവിന്റെയും കരുത്തോടെ കുട്ടികളെ സമീപിക്കാൻ ഓരോ രക്ഷകർത്താവിനെയും പ്രാപ്തരാക്കുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. എല്ലാ വിദ്യാലയങ്ങളിൽനിന്നും ഓരോ അധ്യാപകരെ വീതം ഇതിന്റെ നോഡൽ അധ്യാപകരാക്കി. ഇവരുടെ നേതൃത്വത്തിലാണ് രക്ഷാകർതൃ പരിശീലനങ്ങൾ വിജയകരമായി പൂർത്തിയാക്കിയത്. എല്ലാ വിദ്യാലയങ്ങളിലും ശാസ്‌ത്രീയ രക്ഷാകർതൃത്വം സംബന്ധിച്ച പരിശീലനം ലഭിച്ച ഒരധ്യാപകനുണ്ടെന്ന് ഉറപ്പാക്കിയതിലൂടെ ജില്ലയിലെ വിദ്യാലയങ്ങളെ പേരെന്റിങ്ങ് സ്‌ട്രങ്‌തനിങ്ങ്‌ സെന്റേഴ്സ് (പിഎസ്‌സി) ആക്കാനുമായി. കഴിഞ്ഞ അക്കാദമിക വർഷത്തിന്റെ ആദ്യമാസങ്ങളിൽ തന്നെ ഹൈസ്‌കൂൾതലത്തിലുള്ള രക്ഷാകർതൃ പരിശീലനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞു. തുടർന്നാണ്‌ പ്രൈമറി വിദ്യാലയങ്ങളിലേക്കുകൂടി പദ്ധതി വ്യാപിപ്പിച്ചത്. രക്ഷാകർതൃത്വം സംബന്ധിച്ച് പൊതുവെയും കുട്ടികളുടെ പഠനവും സ്വഭാവരൂപീകരണവുമായി ബന്ധപ്പെട്ട് സവിശേഷവുമായ ധാരണകൾ പരിശീലനങ്ങളിലൂടെ ലഭ്യമാക്കി. സംസ്ഥാനത്താദ്യമായി സമ്പൂർണ രക്ഷാകർതൃ ബോധവൽക്കരണം നടപ്പാക്കിയ ജില്ല കൂടിയാണിന്ന്‌ പത്തനംതിട്ട. 2025 ഒക്ടോബർ 31നായിരുന്നു ഇതിന്റെ പ്രഖ്യാപനം.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനായിരുന്ന ആർ അജയകുമാറിന്റേതായിരുന്നു പദ്ധതിയുടെ ആശയം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ജോർജ് എബ്രഹാം ഉൾപ്പെടെയുള്ളവരുടെ വലിയ പിന്തുണയാണ് ഇതിന്‌ ലഭിച്ചത്‌. വിദ്യാഭ്യാസ ഉപഡയറക്‌ടർ ബി ആർ അനിലയായിരുന്നു നിർവഹണ ഉദ്യോഗസ്ഥ. വിദ്യാകിരണം ജില്ലാമിഷൻ കോ–ഓർഡിനേറ്ററായിരുന്നു കൺവീനർ. വിദഗ്‌ധസമിതിയിൽ രാജേഷ് എസ് വള്ളിക്കോട്, ഡോ. അജിത് ആർ പിള്ള, ഡോ. ബിബിൻ സാജൻ, ഡോ. ലെജു പി തോമസ്, പ്രീത് ജി ജോർജ് എന്നിവരുമുണ്ടായി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home