ശുചീകരണം പാളി
രോഗാതുരം മഴക്കാലം

സ്വന്തം ലേഖിക
Published on Jun 09, 2026, 12:15 AM | 1 min read
പത്തനംതിട്ട
വീടുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ സേനാംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം മാസങ്ങളായി കൃത്യമായ സംസ്കരണമില്ലാതെ ചീഞ്ഞുനാറുന്നു.
സംസ്ഥാനത്തെ പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനിയാണ് സംസ്കരിക്കുന്നത്. ജില്ലയിൽ കുന്നന്താനത്ത് പ്രവർത്തിക്കുന്ന സംയോജിത പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രമായ ഗ്രീൻ പാർക്കിലാണ് ജില്ലയിലാകെ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം എത്തിക്കുന്നത്. എന്നാൽ തരംതിരിക്കാത്ത മാലിന്യം ശേഖരിക്കാൻ ഏജൻസികൾ തയ്യാറാകാത്തതാണ് നിലവിലെ പ്രധാനപ്രശ്നം. തദ്ദേശവകുപ്പോ സ്ഥാപനങ്ങളോ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ഏജൻസികൾ നിയമിക്കുന്ന വാഹനമെത്തിയാണ് തരംതിരിക്കാത്ത മാലിന്യങ്ങൾ സംസ്കരണത്തിന് കൊണ്ടുപോകുന്നത്. എന്നാൽ തദ്ദേശസ്ഥാപനങ്ങളിൽ പുതിയ ഭരണസമിതി അധികാരമേറ്റ ശേഷം ഇക്കാര്യം പൂർണമായി പരാജയപ്പെട്ടു. മാലിന്യം കൊണ്ടുപോകുന്നതിനുള്ള നിരക്ക് കുറച്ചതും ഏജൻസികളുടെ പ്രതിഷേധത്തിന് കാരണമായി.
കാലവർഷം ശക്തിയാർജിച്ചതോടെ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന ചാക്കുകളിൽനിന്ന് മലിനജലം റോഡിലേക്കും സമീപത്തെ സ്വകാര്യ ഭൂമികളിലേക്കും ഒഴുകുന്നതായും പരാതിയുണ്ട്. ഇത് വ്യാപകമായി മഴക്കാല രോഗങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ തന്നെ വ്യക്തമാക്കിയതാണ്. നാടൊട്ടുക്ക് മാലിന്യം കുന്നുകൂടിയതോടെ കാലവർഷം ആരംഭിക്കുംമുമ്പ് ശുചീകരണം പൂർത്തിയാക്കാനുമായില്ല.
വെല്ലുവിളിയായി ഡെങ്കിയും എലിപ്പനിയും
കാലവർഷം അതിന്റെ ശക്തിയാർജിച്ചതോടെ പകർച്ചപ്പനിയും മഴക്കാലരോഗങ്ങളും വ്യാപിച്ചുതുടങ്ങി. കൃത്യമായ മാലിന്യസംസ്കരണം നടക്കാത്തത് കൊതുകിന് മുട്ടയിട്ട് വളരാനുള്ള എല്ലാ സൗകര്യവുണ്ടാക്കി. പകർച്ചപ്പനി, ഡെങ്കിപ്പനി, എലിപ്പനി എന്നിവയാണ് കൂടുതലായും റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ആശുപത്രിയിലെത്തി ചികിത്സ തേടാത്ത നിരവധി പേരുണ്ടാകാമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ കണക്കുപ്രകാരം ജൂൺ ഒന്നുമുതൽ ഏഴുവരെ 2,299 പനി കേസുകൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതുവരെ ജില്ലാ പഞ്ചായത്തോ മറ്റ്‌അധികൃതരോ മഴക്കാലരോഗങ്ങൾ പ്രതിരോധിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല.










0 comments