print edition വനംവകുപ്പിന് നിസ്സംഗത; തുടരുന്നു മനുഷ്യക്കുരുതി

ബിമൽ പേരയം
Published on Jun 12, 2026, 05:45 AM | 1 min read
തിരുവനന്തപുരം: ആളെക്കൊല്ലികളായി മാറിയ കാട്ടാനകളെ ഫലപ്രദമായി തടയുന്നതിൽ വനംവകുപ്പിന് വീഴ്‌ച. ശാശ്വതപരിഹാരം തങ്ങളുടെ കൈയിലുണ്ടെന്ന് അവകാശപ്പെട്ട് ഭരണത്തിലെത്തിയ യുഡിഎഫിന് ആനക്കലി നോക്കിനിൽക്കാനേ കഴിയുന്നുള്ളൂ. മൂന്നാഴ്‌ചയിൽ ആറുപേരുടെ ജീവനാണ് നഷ്‌ടപ്പെട്ടത്. മനുഷ്യജീവന് വിലയില്ലാത്ത സമീപനമാണ് സർക്കാരിന്റേത്. കാടിറങ്ങി ജനവാസമേഖലകളിലെത്തിയിട്ടും ആനകളെ തുരത്താൻ കഴിയുന്നില്ല. വന്യജീവികളുടെ സാന്നിധ്യം മുൻകൂട്ടിയറിയാൻ എസ്‌എംഎസ് മുന്നറിയിപ്പ് സംവിധാനമുണ്ടായിട്ടും വനംവകുപ്പിന്റെ ജാഗ്രതാനിർദേശങ്ങളെല്ലാം പാളി. മന്ത്രി ഷിബു ബേബിജോൺ പ്രഖ്യാപിച്ച നൂറുദിന കർമപരിപാടികളിൽ പുതുതായി ഒന്നുമില്ല.
എല്ലാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ചതാണ്. മന്ത്രിപദം ഏറ്റെടുത്ത ആദ്യദിവസം പ്രഖ്യാപിച്ച ടോൾഫ്രീ നന്പർ സംവിധാനം നിലവിൽ വനംവകുപ്പ് തുടരുന്നതാണ്. മനുഷ്യ–വന്യജീവി സംഘർഷം പഠിക്കാൻ രണ്ടുവർഷം വേണ്ടിവരുമെന്നും പ്രതികരിച്ചിരുന്നു. കൊല്ലപ്പെട്ടവരെ അപമാനിക്കുംവിധം ക്രൂരമായ പരിഹാസമാണ് കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രി നടത്തിയത്. ജനങ്ങളുടെ ആശങ്കയകറ്റാനോ കേന്ദ്ര വനം വന്യജീവി നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ചോ മിണ്ടുന്നില്ല. ശാശ്വത പരിഹാരത്തിന് ഒറ്റമൂലി കേന്ദ്രനിയമം ഭേദഗതിചെയ്യുക മാത്രമാണ്. ഭേദഗതി ബിൽ നിയമസഭയിൽ പാസാക്കി കഴിഞ്ഞ സർക്കാർ രാഷ്‌ട്രപതിക്ക് സമർപ്പിച്ചിട്ടുണ്ട്. പുതിയ സർക്കാർ തുടർപ്രവർത്തനവുമായി കേന്ദ്രത്തെ സമീപിച്ചിട്ടില്ല.
സന്പൂർണ പദ്ധതി തയ്യാറാക്കി ജൂലൈ ഒന്പതിന് കേന്ദ്രമന്ത്രിയെയും പ്രധാനമന്ത്രിയെയും കാണാനിരിക്കുന്പോൾ കേന്ദ്രനിയമത്തിൽ യുഡിഎഫ് നിലപാട് വ്യക്തതയില്ല.
കാട്ടാനയാക്രമണത്തിൽ ജനങ്ങൾ മരിക്കുമ്പോൾ പ്രതിരോധിക്കാനാകാതെ കൂടുതൽ സമയം വേണമെന്ന ഉരുണ്ടുകളി തുടരുന്നു. കൃഷി നശിപ്പിക്കുകയും മനുഷ്യജീവന് ഭീഷണിയാകുകയും ചെയ്‌ത പിഎം ടു, പിടി 7, തണ്ണീർക്കൊന്പൻ, അരിക്കൊന്പൻ എന്നീ ആനകളെ പിടികൂടാൻ മുൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞിരുന്നു. ആനയെ ട്രാക്ക് ചെയ്യാൻപോലും ഇപ്പോൾ കഴിയാതായി. വകുപ്പ് പ്രവർത്തനം ഫലപ്രദമായി ഏകോപിപ്പിച്ചിരുന്നെങ്കിൽ മനുഷ്യജീവനെ ആനകളുടെ മുന്നിൽ കുരുതികൊടുക്കേണ്ടി വരില്ലായിരുന്നു.









0 comments