കോഴിക്കോട് വിദ്യാർഥി പാറക്കുളത്തിൽ മുങ്ങിമരിച്ചു

വിഘ്നേഷ്
കോഴിക്കോട്: വിദ്യാർഥി പാറക്കുളത്തിൽ മുങ്ങി മരിച്ചു. തിരുവങ്ങൂർ ക്ഷേത്രത്തിന് പിൻവശത്തെ പാറക്കുളത്തിൽ കൂട്ടുകാർക്കൊപ്പം നീന്താനിറങ്ങിയ അത്തോളി കൊങ്ങന്നൂർ പൊയിലിൽ എൻ വിഘ്നേഷ് (15) ആണ് മുങ്ങി മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. നീന്തുന്നതിനിടയിൽ വിഘ്നേഷ് വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു. ഇത് കണ്ട സുഹൃത്തുക്കൾ നിലവിളിച്ചതോടെയാണ് പരിസരവാസികൾ ഓടിയെത്തിയത്.
സമീപത്തെ കേരള ഫീഡ്സിലെ തൊഴിലാളിയായ മുഹമ്മദ് ഷാനു കുളത്തിൽ മുങ്ങിയാണ് വിഘ്നേഷിനെ പുറത്തെടുത്തത്. കൊയിലാണ്ടിയിൽനിന്ന് ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു. വിഘ്നേഷിനെ ഉടൻ തന്നെ തിരുവങ്ങൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എസ്എസ്എൽസി പരീക്ഷ വിജയിച്ച് പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കവെയാണ് വിഘ്നേഷിന്റെ അപ്രതീക്ഷിത വിയോഗം. പിതാവ് പി. നിധീഷും മാതാവ് ശ്രീഷ്മയും ഒമാനിലാണ്. യാദവ്, യാസ് വി എന്നിവർ സഹോദരങ്ങളാണ്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം നിലവിൽ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.








0 comments