ലങ്കയെ കറക്കി വീഴ്ത്തി; ഇന്ത്യയ്ക്ക് 165 റൺ വിജയം: മാനവിന് ആറ് വിക്കറ്റ്

ഗാലെ: ശ്രീലങ്കയെ കറക്കി വീഴ്ത്തി ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യയ്ക്ക് ജയം. 372 റൺ ലക്ഷ്യവുമായി ഇറങ്ങിയ ലങ്ക 206 റൺസിന് പുറത്തായി. അഞ്ചാംദിനം നാലിന് 84 റണ്ണെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ലങ്കയ്ക്ക് ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ പിടിച്ച് നിൽക്കാനായില്ല. മാനവ് സുത്താർ ആറ് വിക്കറ്റുമായി ഇന്ത്യൻ സ്‌പിന്നർമാരിൽ തിളങ്ങി. ഒന്നാം ഇന്നിങ്സിൽ നാല് വിക്കറ്റും നേടിയിരുന്നു. സ്കോർ: ഇന്ത്യ: 462, 193. ശ്രീലങ്ക 284, 206.
ക്യാപ്‌റ്റൻ ധനഞ്‌ജയ ഡി സിൽവയുടെയും (59) ഒന്നാം ഇന്നിങ്‌സിലെ സെഞ്ചുറുക്കാരൻ സോണൽ ദിനുഷയുടെയും (84) ചെറുത്തുനിൽപ്പാണ് ഇന്ത്യൻ വിജയം ഇത്രയും വൈകിപ്പിച്ചത്.
ഇന്ത്യക്കും രണ്ടാം ഇന്നിങ്‌സിൽ പിടിച്ചുനിൽക്കാനായിരുന്നില്ല. 193 റണ്ണിനാണ് കൂടാരം കയറിയത്. 69 പന്തിൽ 66 റണ്ണടിച്ച വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ് മികച്ച ലീഡൊരുക്കാൻ സഹായിച്ചത്. ഒന്നാം ഇന്നിങ്‌സിലെ സെഞ്ചുറിക്കാരൻ ദേവ്‌ദത്ത് പടിക്കൽ (44), കെ എൽ രാഹുൽ (35) എന്നിവർ മാത്രമാണ് രണ്ടാം ഇന്നിങ്‌സിൽ രണ്ടക്കം കണ്ട ഇന്ത്യൻ ബാറ്റർമാർ. മറ്റ് ബാറ്റർമാർ പതറിയ പിച്ചിൽ പന്ത് മികച്ച ആക്രമണക്കളി പുറത്തെടുത്തു. രണ്ട് സിക്‌സറും ആറ് - ഫോറുമായിരുന്നു ഇടംകൈയന്റെ ഇന്നിങ്‌സിൽ. ടെസ്‌റ്റ് ക്രിക്കറ്റിൽ നൂറ് സിക്‌സറും പൂർത്തിയാക്കി.
ആദ്യ ഓവറിൽതന്നെ ഇന്ത്യക്ക് ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ (0) നഷ്ടമായി. പേസർ അസിത ഫെർണാണ്ടോയാണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റിൽ പടിക്കലും രാഹുലും ചേർന്ന് 65 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. രാഹുൽ മടങ്ങിയതോടെ ഇന്ത്യ തകരാൻ തുടങ്ങി. ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ (8), ധ്രുവ് ജുറേൽ (7), രവീന്ദ്ര ജഡേജ (9) എന്നിവർക്കൊന്നും പിടിച്ചുനിൽക്കാനായില്ല. പന്തിന്റെ ഇന്നിങ്‌സായിരുന്നു ലീഡ് 300 കടത്താൻ സഹായിച്ചത്. തകർത്തുകളിച്ച വിക്കറ്റ് കീപ്പറെ ലാഹിരു കുമാര മടക്കി. 19 റണ്ണെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് അവസാന അഞ്ച് വിക്കറ്റ് നഷ്ടമായത്. നാല് വിക്കറ്റുമായി പേസർ അസിത ഫെർണാണ്ടോ ലങ്കൻ ബൗളർമാരിൽ തിളങ്ങി. ഷോർട്ട് പിച്ച് പന്തുകളായിരുന്നു അസിതയുടെ ആയുധം. സ്‌പിന്നർ പ്രഭാത് ജയസൂര്യ മൂന്ന് വിക്കറ്റ് നേടി. കുമാര രണ്ട് വിക്കറ്റ് സ്വന്തമാക്കി.
ലങ്കയുടെ മറുപടി തകർച്ചയോടെയായിരുന്നു. ഷോർട്ട് പിച്ച് പന്ത് ആയുധം ഇന്ത്യൻ പേസർമാരും പ്രയോഗിച്ചു. നിഷാൻ മധുഷ്‌കയെ (6) മുഹമ്മദ് സിറാജും കമിന്ദു മെൻഡിസിനെ (2) പ്രസിദ്ധ് കൃഷ്‌ണയും മടക്കി. രണ്ട് വിക്കറ്റ് സ്‌പിന്നർ മാനവ് സുത്താറിനാണ്. ലാഹിരു ഉദാരയും (16) ദിനേഷ് ചൻഡിമലിന് പരിക്കേറ്റതിനാൽ പകരക്കാരനായി ഇറങ്ങിയ പസിന്ദു സൂരിയബണ്ടാരയും (0) സുത്താറിന്റെ ഇരകളായി.









0 comments