ad
Deshabhimani

വിസിമാരുടെ ആർഎസ്എസ് ദാസ്യം: മന്ത്രി റോജിയുടെ പ്രതികരണത്തിലൂടെ തെളിയുന്നത് കോൺ​ഗ്രസ്സിന്റെ ഇരട്ടത്താപ്പ്

Roji M John
വെബ് ഡെസ്ക്

Published on Aug 19, 2026, 01:29 PM | 1 min read

തിരുവനന്തപുരം: ആർ എസ് എസ് പരിപാടിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പങ്കെടുത്തതിനെതിരെ വൈകി പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. മോഹന്‍ കുന്നുമ്മലിന്‍റെ പേരെടുത്ത് പറയാനോ വിസി പറഞ്ഞ തെറ്റായ പരാമര്‍ശത്തിനെതിരെ പ്രതിഷേധം അറിയിക്കാനോ മന്ത്രി തയ്യാറായില്ല. പകരം പൊതുവായ ഒരു വിമര്‍ശനം മാത്രമാണ് മന്ത്രി ഉന്നയിച്ചത്. വിസിമാർ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കരുതെന്നും അതിനോട് യോജിക്കുന്നില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. തിരുവനന്തപുരം മണിവിളയിൽ ആർഎസ്എസ് സംഘടിപ്പിച്ച 'സങ്കൽപ് 2026' പരിപാടിയിൽ ഡോ. മോഹനൻ കുന്നുമ്മൽ പങ്കെടുത്തിരുന്നു.


സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്ക് വിസിമാർ തുടർച്ചയായി കൂട്ടുപിടിച്ചപ്പോഴും ഒരക്ഷരം മിണ്ടാതിരുന്നവരാണ് ഇപ്പോൾ പ്രഹസനവുമായി രംഗത്തെത്തുന്നത്. മുൻപ് 'സംഘപരിവാറിന്റെ നൂറു വർഷങ്ങൾ' എന്ന പേരിൽ തിരുവനന്തപുരം ഉദയ കൺവെൻഷൻ സെന്ററിൽ നടന്ന ആർഎസ്എസ് പരിപാടിയിൽ സർവകലാശാലാ വിസിമാർ കൂട്ടത്തോടെ പങ്കെടുത്തപ്പോഴും കോൺഗ്രസ് മൗനത്തിലായിരുന്നു.


അന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത ചടങ്ങിൽ കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ, എംജി സർവകലാശാല വിസി ഡി മാവൂത്ത്, മലയാളം സർവകലാശാല വിസി സി ആർ പ്രസാദ് എന്നിവരാണ് പങ്കെടുത്തത്. കനത്ത സുരക്ഷയിലും മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയും നടത്തിയ ആർഎസ്എസ് പരിപാടിയിൽ വിസിമാർ സജീവ സാന്നിധ്യമായിട്ടും അതിനെതിരെ ഒരക്ഷരം ഉരിയാടാൻ കോൺഗ്രസ് തയ്യാറായില്ല.


ഉന്നത വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് അജൻഡ നടപ്പാക്കാനും സർവകലാശാലകളിൽ കാവിവൽക്കരണം തീവ്രമാക്കാനും നടക്കുന്ന നീക്കങ്ങളെ എൽഡിഎഫും ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനങ്ങളും തുടർച്ചയായി എതിർത്തുപോന്നിട്ടുണ്ട്. എന്നാൽ, വിസിമാരുടെ ആർഎസ്എസ് ദാസ്യത്തിൽ ഇതുവരെ മിണ്ടാതിരുന്ന കോൺഗ്രസ്, ഇപ്പോൾ നടത്തുന്ന പ്രസ്താവനകൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home