മെനുവിൽ തണ്ണിമത്തനും വെള്ളരിയും
ഷവർബാത്തിൽ തിമിർത്ത് ‘കോന്നിയിലെ താരങ്ങൾ’

ഷാഹീർ പ്രണവം
Published on Apr 18, 2026, 12:05 AM | 1 min read
കോന്നി
ആനക്കുളിക്ക് ഷവർബാത്ത്. കഴിക്കാൻ തണ്ണിമത്തനും വെള്ളരിയും. കൊടുംചൂടിനെ പന്പകടത്തി കോന്നി ആനത്താവളം. ആനകളെ ചൂടിൽനിന്ന് സംരക്ഷിക്കാനാണ് വനംവകുപ്പിന്റെ പ്രത്യേക പരിചരണമൊരുക്കിയത്. ദിവസേന രാവിലെയും വൈകിട്ടുമുള്ള കഴുകിപ്പിക്കൽ കൂടാതെ രണ്ട് മണിക്കൂറാണ് ഷവർബാത്തിലൂടെ തണുപ്പിക്കൽ. വാഴപ്പിണ്ടിയും ക്യാരറ്റും പഴവർഗങ്ങളുമുണ്ട് ‘ആന’മെനുവിൽ.
കുടിക്കാനും സ്വയം ശരീരം നനയ്‌ക്കാനും ആനത്തറിയ്‌ക്കുമുന്നിൽ ടാങ്കിലും വെള്ളംനിറച്ച് വച്ചിട്ടുണ്ട്. ആനത്തറി കോൺക്രീറ്റ് ആയതിനാൽ ഇവിടെ ചൂട് കൂടുതലാണ്. അതിനാൽ പകൽ സമയങ്ങളിൽ ആനകളെ മരത്തണലിലേക്ക് മാറ്റിക്കെട്ടും.
കോന്നി ഫോറസ്‌റ്റ് വെറ്ററിനറി ഡോക്ടർ ജയിസ് മോന്റെ നിർദേശാനുസരണമാണ് ആനകളുടെ പരിപാലനം. ദിവസവും ആനത്താവളത്തിന്റെ ചുമതലയുള്ള റേഞ്ച് ഓഫീസർ ശശീന്ദ്രൻ, സെക്ഷൻ ഓഫീസർ എം എസ് ഷിനോജ്, എന്നിവർ ആനകളെ സന്ദർശിക്കുകയും പാപ്പാൻമാർക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. നാല് ആനകൾക്കായി എട്ട് പാപ്പാൻമാരാണുള്ളത്. മണ്ണീറ വനസംരക്ഷണസമിതി നട്ടുവളർത്തുന്ന തീറ്റപ്പുല്ലാണ് ആനകളുടെ പ്രധാന ആഹാരം. റാഗി, ചോറ്, ഗോതമ്പ്, പഞ്ഞിപ്പുല്ല്, ഗോതമ്പ്, മിനറൽ മിക്ച്ചർ എന്നിവയും നൽകുന്നുണ്ട്.
കോന്നി കൊച്ചയ്യപ്പൻ അടുത്തിടെ ചരിഞ്ഞതോടെ ആനകളുടെ എണ്ണം നാലായി കുറഞ്ഞു. പ്രിയദർശിനി (41), മീന (34), ഈവ (23), കൃഷ്ണ (13) എന്നീ ആനകളാണുള്ളത്.
Caption: ചിത്രം. കോന്നി ആനത്താവളത്തിലെ ആനത്തറിയ്ക്ക് സമീപം ക്രമീകരിച്ചിട്ടുള്ള ഷവറിംങ് സിസ്റ്റത്തിൽ നിന്നും ശരീരം സ്വയം ത ണുപ്പിക്കുന്ന മീന എന്ന പിടിയാന .










0 comments