വില്ലനായി എൽ നിനോ
കാലവർഷം ദുർബലം

സ്വന്തം ലേഖിക
Published on Jun 16, 2026, 12:05 AM | 1 min read
പത്തനംതിട്ട
വൈകിയെത്തിയ കാലവർഷം ഒരാഴ്ചയിൽ ദുർബലമായതോടെ ജില്ലയിൽ അന്തരീക്ഷ താപനിലയിൽ വലിയല വർധന. ജൂൺ ആദ്യവാരം ലഭിച്ച അതിശക്തമായ മഴയുടെ ശക്തി കുറഞ്ഞത് ദിവസങ്ങൾക്കുള്ളിലാണ്.
മെയ് 29നുള്ളിൽ തെക്കുകിഴക്കൻ കാലവർഷം കേരളത്തിലെത്തുമെന്നായിരുന്നു കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നാൽ ആറുദിവസം വൈകി ജൂൺ നാലിനാണ് ഒൗദ്യോഗികമായി കാലവർഷ കാറ്റ് സംസ്ഥാനത്തെത്തിയത്. ജില്ലയിൽ മെയിൽ പകൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ കടന്ന സാഹചര്യമുണ്ടായിരുന്നു. മഴ കനത്തതോടെ അത് 33നും താഴെയായിരുന്നു. എന്നാൽ കഴിഞ്ഞ നാല് ദിവസമായി മഴ പിൻവാങ്ങിയ ലക്ഷണമാണ്. എന്നാൽ ഇതോടെ കാലവർഷം പൂർണമായും പിൻവാങ്ങിയെന്ന് പറയാനാകില്ലെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. ജൂൺ 20ന് ശേഷം വീണ്ടും മഴ ശക്തമാകുമെന്നാണ് പ്രവചനം.
എന്തുകൊണ്ട് മഴ കുറഞ്ഞു?
നിലവിൽ മഴയുടെ ശക്തി കുറയാൻ പ്രധാന കാരണം എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനമാണെന്നാണ് വിലയിരുത്തൽ. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്നതുമൂലം പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറഞ്ഞതോടെ കേരള തീരത്തേക്ക് മഴമേഘങ്ങൾ എത്തുന്നത് തടസപ്പെട്ടു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെടുന്ന അനുകൂല അന്തരീക്ഷ ചുഴികൾ കുറഞ്ഞതും മഴ കുറയാൻ കാരണമാണ്. ജൂലൈ, ആഗസ്ത് മാസങ്ങളിൽ എൽനിനോ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ഇക്കുറി ദീർഘകാല ശരാശരിയെക്കാൾ കുറഞ്ഞ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇത് താപനില രണ്ട് ഡിഗ്രി കൂടാൻ കാരണമാകും.
1982–83, 1997–98, 2015–16 വര്‍ഷങ്ങൾ എല്‍നിനോ വര്‍ഷങ്ങളായിരുന്നു. ഇക്കാലയളവിൽ കേരളം വലിയ വരൾച്ചയാണ് നേരിട്ടത്. ജലക്ഷാമം മാത്രമല്ല ഇത് സൃഷ്‌ടിക്കുന്ന പ്രധാന പ്രശ്നം. വൈദ്യുതി പ്രതിസന്ധി, കൃഷിനാശം, ഉയര്‍ന്ന താപനില, ഭൂഗര്‍ഭ ജലനിരപ്പ് താഴല്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായുണ്ടാകും.










0 comments