ad
Deshabhimani

മെഴുവേലി സഹകരണബാങ്ക് കവർച്ച

അഞ്ച് പ്രതികൾക്ക് കഠിനതടവും പിഴയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2026, 12:05 AM | 2 min read

പത്തനംതിട്ട

മെഴുവേലി സർവീസ് സഹകരണ ബാങ്കിൽനിന്ന് 501 പവൻ സ്വർണവും (4008 ഗ്രാം) നാലു ലക്ഷത്തോളം രൂപയും കവർന്ന കേസിൽ അഞ്ച് പ്രതികൾക്ക് കഠിനതടവും പിഴയും ശിക്ഷ. കേസിലെ ഒന്ന്, രണ്ട്, നാല്, അഞ്ച്, ഏഴ് പ്രതികളെയാണ്‌ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. ആറ്, എട്ട് പ്രതികളെ കോടതി വെറുതെ വിട്ടു.

മെഴുവേലി പുത്തൻപറമ്പിൽ വി വിനു, ഓമല്ലൂർ വാഴമുട്ടം പുന്തല പുത്തൻവീട്ടിൽ സുരേഷ് കുമാർ, എടത്വ നൈത്യാരുപറമ്പിൽ സുധീഷ്, തലവടി പുത്തൻപറമ്പിൽ പി കെ ഗിരീഷ്, താമരക്കുളം പണ്ടാരശ്ശേരിൽ ബിജു രാമകൃഷ്ണൻ എന്നിവരെയാണ് ശിക്ഷിച്ചത്‌. ഒന്നാം പ്രതി വിനു, രണ്ടാം പ്രതി സുരേഷ് കുമാർ, നാലാം പ്രതി സുധീഷ്, അഞ്ചാം പ്രതി ഗിരീഷ് എന്നിവർക്ക് രണ്ടുവർഷം 11 മാസം കഠിനതടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. കൂടാതെ, ഇവർ നാലുപേരും മെഴുവേലി സർവീസ് സഹകരണബാങ്കിന് ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.

മോഷണമുതൽ വാങ്ങിയ ഏഴാം പ്രതി ബിജു രാമകൃഷ്ണന് ഒന്നര വർഷം കഠിനതടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. കേസിലെ ആറാം പ്രതി ഹാരി ജോൺ, എട്ടാം പ്രതി മനു എന്നിവരെ കോടതി വെറുതെവിട്ടു. മൂന്നാം പ്രതി പോത്രാട് സ്വദേശി സന്തോഷ് ഇപ്പോഴും ഒളിവിലാണ്.

2011 ആഗസ്ത് 20, 21 തീയതികളിലാണ് പ്രതികൾ ബാങ്കിൽനിന്ന് 501 പവൻ സ്വർണവും നാലുലക്ഷത്തോളം രൂപയും കവർന്നത്. ബാങ്കിന്റെ പിൻഭാഗത്തുള്ള ജനലിന്റെ ഇരുമ്പഴികൾ ഗ്യാസ്‌കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ്‌ സംഘം അകത്തുകടന്നത്. തുടർന്ന് സ്വർണവും പണവും സൂക്ഷിച്ചിരുന്ന ലോക്കറും ഗ്യാസ്‌ കട്ടർ ഉപയോഗിച്ച് തകർത്തു. അവധിയായിരുന്ന ശനി, ഞായർ ദിവസങ്ങളിൽ നടന്ന മോഷണം തിങ്കളാഴ്ചയാണ് പുറത്തറിയുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ആഗസ്ത്‌ 28-ന് ഒന്നാംപ്രതി വിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാംപ്രതി സുരേഷ്‌കുമാറിനെ സെപ്തംബറിൽ പന്തളം പൊലീസ് ഗുജറാത്തിലെ സൂറത്തിൽനിന്നാണ് പിടികൂടിയത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് പ്രതികളെയും പിടികൂടി.

പന്തളം സിഐ ആയിരുന്ന എസ് നന്ദകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥരടക്കം 226 സാക്ഷികളെ വിസ്തരിച്ചു. സംഭവം നടന്ന് 15 വർഷത്തിനുശേഷമാണ് വിധി. ജഡ്‌ജി ഡോ. ജോൺ വർഗീസാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ രൻജീം ഇസ്‌മയിൽ ഹാജരായി.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home