രാഹുലിനെ പുറത്താക്കിയെന്ന് വീന്പുപറച്ചിൽ
സൈബർ അക്രമികളെ കൈവിടാതെ കോൺഗ്രസ്

ആർ രാജേഷ്
Published on Jan 20, 2026, 12:05 AM | 1 min read
പത്തനംതിട്ട
ബലാത്സംഗക്കേസുകളിൽപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പുറത്താക്കിയെന്ന് പറഞ്ഞ് വീന്പുപറയുമ്പോഴും രാഹുലിനായി സൈബർ ആക്രമണം ഏറ്റെടുത്തിരിക്കുന്നവരെ ചേർത്തുപിടിച്ച് കോൺഗ്രസ്. ലൈംഗിക പീഡനക്കേസുകളിൽ രാഹുലിനൊപ്പം ഉയർന്നുവന്ന പേരാണ് ഫെന്നി നൈനാന്റേത്. ഫെന്നി ഇപ്പോഴും കെഎസ്‌യു സംസ്ഥാന ഭാരവാഹിത്വത്തിൽ തുടരുകയാണ്.
രണ്ടാമത്തെയും മൂന്നാമത്തെയും ബലാത്സംഗക്കേസുകളിൽ രാഹുലിന്റെ ഉറ്റ സുഹൃത്തായ ഫെന്നി നൈനാന്റെ പേര് അതിജീവിതമാർ പരാമർശിക്കുന്നുണ്ട്. മൂന്നാമത്തെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ഫെന്നിയുടെ ഫേസ്ബുക്ക് പോസ്‌റ്റിനെതിരെ പൊലീസ് കേസും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. പാലക്കാട്ടെ നീലപ്പെട്ടി വിവാദത്തിലും വ്യാജ തിരിച്ചറിയൽ കാർഡ് കേസിലും ഫെന്നി ഉൾപ്പെട്ടിരുന്നു. തുടർച്ചയായി പാർടിയെ പ്രതിരോധത്തിലാക്കുന്ന ഫെന്നിയെ തദ്ദേശതെരഞ്ഞെടുപ്പിൽ അടൂർ നഗരസഭ വാർഡിൽ മത്സരിപ്പിച്ചാണ് കോൺഗ്രസ് ‘ആദരിച്ചത്’.
ഇൻസ്‌റ്റഗ്രാം, ഫെയ്‌സ്‌ബുക്ക് എന്നിവ വഴി അതിജീവിതയെ അധിക്ഷേപിച്ച മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രഞ്‌ജിത പുളിയ്‌ക്കനെതിരെ പൊലീസ് കേസെടുത്തപ്പോൾ അവർക്ക് ഒളിവിൽപോകാൻ അവസരമൊരുക്കി കൊടുക്കുകയായിരുന്നു കോൺഗ്രസ്. കഴിഞ്ഞ വെള്ളിയാഴ്‌ച മുണ്ടക്കയത്തെ ഒരു വീട്ടിൽനിന്നാണ് ഇവരെ പത്തനംതിട്ട സൈബർ പൊലീസ് പിടികൂടിയത്. രാഹുലിനെതിരെ ആദ്യകേസ് വന്നപ്പോഴും രഞ്‌ജിത അയാളെ അനുകൂലിച്ചും പരാതിക്കാരിയെ അധിക്ഷേപിച്ചും രംഗത്തെത്തിയിരുന്നു.
അതിജീവിതമാർക്കെതിരെ സമൂഹമാധ്യമങ്ങളിൽ നിരന്തരം അധിക്ഷേപ പോസ്‌റ്റുകൾ പ്രചരിപ്പിക്കുന്ന ബിന്ദു ബിനുവും മഹിളാ കോൺഗ്രസിന്റെ ജില്ലാ ഭാരവാഹിത്വത്തിൽ തുടരുകയാണ്. അതിജീവിതയെ അധിക്ഷേപിച്ച ശ്രീനാദേവി കുഞ്ഞമ്മ ജില്ലാ പഞ്ചായത്തംഗമായതിനാൽ കോൺഗ്രസിന് ഉരിയാടാതിരിക്കാൻ ആവുമായിരുന്നില്ല. ഒടുവിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്ന് പറഞ്ഞ് ഡിസിസി പ്രസിഡന്റ് പ്രസ്‌താവനയിറക്കി. എന്നാൽ തുടർനടപടികൾ ഒന്നുമുണ്ടായില്ലെന്ന് മാത്രം.
സൈബർ ഇടങ്ങളിൽ ‘രാഹുൽ ആർമി’ എന്ന തരത്തിൽ പ്രവർത്തിക്കുന്ന യൂത്ത് കോൺഗ്രസുകാരെ നിയന്ത്രിക്കാനും കോൺഗ്രസിന് കഴിയുന്നില്ല. രാഹുൽ പാലക്കാട് വീണ്ടും മത്സരിക്കണമെന്ന ചർച്ച ഒരു വിഭാഗം ഉയർത്തിയതിനിടെയാണ് മൂന്നാമത്തെ ബലാത്സംഗക്കേസിൽ ജയിലിലാകുന്നത്.
Highlights: തുടർച്ചയായി പാർടിയെ പ്രതിരോധത്തിലാക്കുന്ന ഫെന്നി നൈനാനെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചായിരുന്നു കോൺഗ്രസിന്റെ ‘ആദരം’










0 comments