പ്രതിഷേധവുമായി സിപിഐ എം
തണ്ണിത്തോട്ടിൽ വോട്ടർമാരെ ഒഴിവാക്കാൻ വ്യാജ പരാതിയമായി കോൺഗ്രസ്

ചിറ്റാർ
തണ്ണിത്തോട് പഞ്ചായത്തിൽ വോട്ടർമാരെ പട്ടികയിൽനിന്നും നീക്കാൻ വ്യാജപരാതിയുമായി കോൺഗ്രസ്. ഒന്ന്, മൂന്ന്, 14, വാർഡുകളിൽ സ്ഥിരതാമസക്കാരായ 130 പേരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് പരാതി നൽകിയത്.
ഓട്ടോറിക്ഷാ തൊഴിലാളി രാധാകൃഷ്‌ണന് പഞ്ചായത്തിൽനിന്നും ലഭിച്ച നോട്ടീസ് സിപിഐ എം പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ഇത്തരത്തിൽ നൂറിലധികം പരാതി കോൺഗ്രസുകാർ നൽകിയതായി അറിഞ്ഞത്. വോട്ട് ഒഴിവാക്കാൻ കൊടുത്തിരിക്കുന്ന അപേക്ഷയിൽ പരാതിക്കാരന്റേതായി രേഖപ്പെടുത്തിയിട്ടുള്ള പേരും ഒപ്പും വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് അജയൻപിള്ളയും നിലവിലെ മണ്ഡലം പ്രസിഡന്റ് ബിജു മാത്യുവുമാണ് ഇതിനു പിന്നിലെന്ന് സിപിഐ എം തണ്ണിത്തോട് ലോക്കൽ സെക്രട്ടറി കെ വി സുഭാഷും പെരുനാട് ഏരിയ കമ്മിറ്റിയംഗം പ്രവീൺ പ്രസാദും പറഞ്ഞു.
തണ്ണിത്തോട് പഞ്ചായത്തിലെ കൂത്താട്ടമൺ, മേക്കണ്ണം, മേടപ്പാറ വാർഡുകൾ എൽഡിഎഫിന് ഭൂരിപക്ഷമുള്ളവയാണ്. ഈ വാർഡുകൾ തെരഞ്ഞുപിടിച്ചാണ് വോട്ട് ഒഴിവാക്കാൻ അപേക്ഷ നൽകിയത്. സംഭവത്തിൽ സിപിഐ എം പ്രതിഷേധിച്ചു.
കോന്നി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി അടൂർ പ്രകാശ് മത്സരിക്കുമ്പോഴെല്ലാം കൂലിക്ക് ആളെവച്ച് വോട്ടർപ്പട്ടികയിൽനിന്നും ആളുകളെ അനധികൃതമായി ഒഴിവാക്കാറുണ്ട്. മതിയായ അന്വേഷണമില്ലാതെ പ്രദേശവാസികളുടെ പേര് നീക്കം ചെയ്യാൻ ശ്രമിച്ചാൽ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും സിപിഐ എം നേതാക്കൾ പറഞ്ഞു.








0 comments