ജന്തർമന്തർ പ്രക്ഷോഭം പടരുന്നു
ആളിക്കത്തി വിദ്യാർഥിരോഷം

തോൽക്കില്ലീ പോരാട്ടം... എസ്എഫ്ഐ പത്തനംതിട്ട ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംസ്ഥാന കമ്മിറ്റിയംഗം പി അപർണയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്നു ഫോട്ടോ: -ജയകൃഷ്ണൻ ഓമല്ലൂർ
പത്തനംതിട്ട
രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ സ്വപ്‌നങ്ങൾ തകർത്തും ദേശീയ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത കെടുത്തിയും ചോദ്യപേപ്പർ മാഫിയകൾക്ക് വഴിയൊരുക്കിയ കേന്ദ്ര ബിജെപി സർക്കാരിനെതിരെ ജില്ലയിലും വിദ്യാർഥിരോഷം ആളിക്കത്തി. എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട ബിഎസ്എൻഎൽ ഓഫീസിലേക്ക് നടന്ന മാർച്ചിൽ നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്നു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കുക, എൻടിഎ പിരിച്ചുവിടുക, വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.
കണ്ണങ്കരയിൽനിന്ന് ആരംഭിച്ച മാർച്ച് ബിഎസ്‌എൻഎൻ ഓഫീസിനുമുന്നിൽ പൊലീസ് ബാരിക്കേഡുകെട്ടി തടഞ്ഞു. തുടർന്ന് വിദ്യാർഥികൾ റോഡിൽ കുത്തിയിരുന്നതോടെ പൊലീസ് പിൻവാങ്ങി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം ജിഷ്‌ണു സത്യൻ മാർച്ച് ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് എം കിരൺ അധ്യക്ഷനായി. സെക്രട്ടറി അനന്ദു മധു, സംസ്ഥാന കമ്മിറ്റിയംഗം പി അപർണ, സെക്രട്ടറിയറ്റംഗങ്ങളായ ഡെൽവിൻ കെ വർഗീസ്, കെ എസ് ഹരികൃഷ്‌ണൻ, ദീപു ബാലൻ, പി എസ് അഭിജിത്, ശരൺ ശശി, പ്രണവ് ജയകുമാർ, ഷാരിൻ സലീം, ചൈത്രലക്ഷ്‌മി, സിപിഐ എം പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി സഞ്ജു എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ പിരിഞ്ഞുപോകാതെ പ്രതിഷേധം തുടർന്നതോടെ പൊലീസ് ഇവരെ അറസ്‌റ്റ്‌ചെയ്‌ത് നീക്കി. സ്‌റ്റേഷനിലെത്തിച്ച വിദ്യാർഥികളെ പിന്നീട് ജാമ്യത്തിൽ വിട്ടു.









0 comments