കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർ രാജ്
ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

പത്തനംതിട്ട
കർണാടക- കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർ രാജിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പത്തനംതിട്ടയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രതിഷേധയോഗം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ആർ ശ്യാമ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം, ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാർ, സംസ്ഥാന കമ്മിറ്റിയംഗം എം അനീഷ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി എൻ സി അബീഷ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എൻ എസ് രാജീവ്, സോബി ബാലൻ, മുഹമ്മദ് അനസ്, ജില്ലാ കമ്മിറ്റിയംഗം അജ്മൽ റഹീം എന്നിവർ സംസാരിച്ചു. ചൊവ്വാഴ്‌ച മുഴുവൻ മേഖലാകേന്ദ്രങ്ങളിലും പ്രതിഷേധയോഗം നടത്തും.
ഉത്തർപ്രദേശിലെ ബിജെപി സർക്കാരിന്റെ ‘ബുൾഡോസർ രാജ്' മാതൃക കർണാടകയിലെ കോൺഗ്രസ് സർക്കാരും ഏറ്റെടുത്തിരിക്കുകയാണ്. ബംഗളൂരു യലഹങ്കയിലെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും താമസിക്കുന്ന മൂവായിരത്തോളം മനുഷ്യരുടെ ജീവിതമാണ് കഴിഞ്ഞ ദിവസം പുലർച്ചെ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് തകർത്തെറിഞ്ഞത്. മുപ്പത് വർഷത്തിലധികമായി പ്രദേശത്ത് താമസിക്കുന്ന അഞ്ഞൂറോളം കുടുംബങ്ങളെ മുൻകൂർ നോട്ടീസോ മുന്നറിയിപ്പോ നൽകാതെയാണ് കൊടുംതണുപ്പിലേക്ക് ഇറക്കിവിട്ടത്. കൈക്കുഞ്ഞുങ്ങളും വയോധികരും രോഗികളും അടങ്ങുന്ന കുടുംബങ്ങളാണ് നിരാലംബരായത്. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയും പുനരധിവാസം ഉറപ്പാക്കാതെയുമാണ് സാധാരണക്കാരെ വഴിയാധാരമാക്കിയത്.
ചിത്രം: കർണാടക- കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർ രാജിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധ പ്രകടനം










0 comments