അന്താരാഷ്ട്ര അരാക്‌നോളജി കോൺഗ്രസ് സമാപിച്ചു
പശ്ചിമഘട്ടത്തിൽ 14 പുതിയ ഇനം സ്യൂഡോസ്കോർപിയോണുകൾ

അന്താരാഷ്ട്ര അരാക്‌നോളജി സമ്മേളനത്തോടനുബന്ധിച്ച് നടന്ന യുവഗവേഷകരുടെ പ്രബന്ധാവതരണത്തിലെയും പോസ്റ്റർ അവതരണത്തിലെയും വിജയികൾ
കൊച്ചി
പശ്ചിമഘട്ടത്തിൽനിന്ന് രണ്ട് വംശങ്ങളിലായി 14 പുതിയ ഇനം സ്യൂഡോസ്കോർപിയോണുകളെ ഗവേഷകർ കണ്ടെത്തി. കൊച്ചിയിൽ സമാപിച്ച അന്താരാഷ്ട്ര അരാക്‌നോളജി കോൺഗ്രസിലാണ് സുപ്രധാന ഗവേഷണ റിപ്പോർട്ട് അവതരിപ്പിച്ചത്.
തൃക്കാക്കര ഭാരതമാതാ കോളേജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷകരായ ജിതിൻ ജോൺസൺ, മാത്യു എം ജോസഫ്, സെൻട്രൽ ഒക്‌ലഹോമ സർവകലാശാലയിലെ സ്റ്റെഫാനി എഫ് ലോറിയ, ഹാംബർഗ് മ്യൂസിയം ഓഫ് നേച്ചറിലെ ഡാനിലോ ഹാംസ് എന്നിവരടങ്ങിയ അന്താരാഷ്ട്ര സംഘമാണ് കണ്ടെത്തലിനുപിന്നിൽ. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് അരാക്‌നോളജിക്കുവേണ്ടി ഭാരതമാതാ കോളേജും (ഓട്ടോണമസ്) കുറവിലങ്ങാട് ദേവമാതാ കോളേജും ചേർന്നാണ് കോൺഗ്രസ് സംഘടിപ്പിച്ചത്.
‘സ്പിന്നിങ് കണക്ഷൻസ് ആൻഡ് വീവിങ് നോളജ്' എന്ന പ്രമേയത്തിലുള്ള സമ്മേളനത്തിൽ 170- ശാസ്ത്രീയ അവതരണങ്ങൾ നടന്നു. യുവഗവേഷകരുടെ പ്രബന്ധാവതരണത്തിലും പോസ്റ്റർ അവതരണത്തിലും ഹാർവാർഡ് സർവകലാശാലയിലെ കെയ്‌ലിൻ എൽ ചോങ് ഒന്നാംസ്ഥാനം നേടി.
പ്രബന്ധാവതരണത്തിൽ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ജോർജ് പോപോവിച്ചി രണ്ടാംസ്ഥാനവും ബ്രസീലിലെ ഇൻസ്റ്റിറ്റ്യൂട്ടോ ബുട്ടാന്റനിലെ റാഫേൽ ഫോൺസെക്ക-ഫെരേര മൂന്നാംസ്ഥാനവും നേടി.
പോസ്റ്റർ അവതരണത്തിൽ ഹൈദരാബാദിലെ സിഎസ്ഐ ആർ-സിസിഎംബിയിലെ പ്രതീക് ഖോപ്കർ രണ്ടാംസ്ഥാനവും അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ വില്യം ഫിലിപ്സ് മൂന്നാംസ്ഥാനവും സ്വന്തമാക്കി.








0 comments