ad
Deshabhimani

പാറ ഉല്‍പ്പന്നങ്ങള്‍ക്ക് അന്യായ വിലവര്‍ധന

തൊഴിലാളി സമരം ജൂലൈ ഒന്നിന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 28, 2026, 12:05 AM | 1 min read


പത്തനംതിട്ട

പാറ ഉല്‍പ്പന്നങ്ങളുടെ വില സംബന്ധിച്ച് കലക്ടറുടെ നിര്‍ദേശവും മാനദണ്ഡവും നിലനില്‍ക്കെ പാറ ക്വാറി ഉടമകള്‍ അന്യായമായി വില വര്‍ധിപ്പിച്ചതിനെതിരെ ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട്‌ വര്‍ക്കേഴ്സ് ആന്‍ഡ് ഓണേഴ്സ് കോ–ഓര്‍ഡിനേഷന്‍ സംയുക്ത സമരസമിതി നേതൃത്വത്തില്‍ സമരത്തിലേക്ക്. വിഷയമുന്നയിച്ച് ജൂലൈ ഒന്നിന് തൊഴിലാളികള്‍ പണിമുടക്കി കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പലഘട്ടങ്ങളില്‍ കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലെടുത്ത തീരുമാനം ലംഘിച്ചാണ് ക്വാറി ഉടമകള്‍ അന്യായമായ വിലയീടാക്കുന്നത്. 2023 മെയ് ആറിന് കലക്ടറുടെ സാന്നിധ്യത്തില്‍ ക്വാറി ക്രഷര്‍ ഓണര്‍, ഗുഡ്സ് വര്‍ക്കേഴ്സ് യൂണിയന്‍ ഉടമകള്‍, പ്രതിനിധികള്‍, കോണ്‍ട്രാക്ടേഴ്സ് പ്രതിനിധികള്‍ എന്നിവരുടെ യോഗം ചേര്‍ന്നു. അന്നുവരെയുണ്ടായിരുന്ന അടിക്കണക്കിന് 24 മുതല്‍ 26 രൂപ എന്നത്‌ ജിഎസ്ടി ഉള്‍പ്പെടെ അഞ്ചുരൂപ വര്‍ധിപ്പിച്ചു. ഇത് ക്വാറി ഉടമകള്‍ ഉള്‍പ്പെടെ എല്ലാവരും അംഗീകരിച്ചിരുന്നു. പിന്നീട് 2026 മെയ് വരെ 34 മുതല്‍ 36 രൂപ വരെയാണ് പലഘട്ടങ്ങളിലായി ക്വാറി ഉടമകള്‍ വര്‍ധിപ്പിച്ചത്. ഇങ്ങനെ ഏഴുമുതല്‍ ഒന്പതുരൂപ വരെയാണ് സ്വന്തം നിലയില്‍ വര്‍ധിപ്പിച്ചത്. ഇത്‌ കൂടാതെയാണ്‌ ഇപ്പോൾ 20 ശതമാനം വർധന. ജില്ലയില്‍ മാത്രമാണ്‌ ഇ‍ൗ വർധന. ഇതിനെതിരെ വിവിധ സംഘടനകള്‍ കലക്ടര്‍ക്ക് പരാതി നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 20ന് ക്വാറി– ക്രഷര്‍ ഉടമകളും വിവിധ സംഘടന പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ഏകപക്ഷീയമായ വര്‍ധന പാടില്ലെന്നും മറ്റു ജില്ലകളില്‍ വര്‍ധിപ്പിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് ഈ വിഷയത്തില്‍ അടിയന്തര തീരുമാനമെടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ഇ‍ൗ തീരുമാനം കാറ്റില്‍പറത്തിയാണ് ചില ക്വാറി ഉടമകള്‍ തോന്നിയ പോലെ വിലവര്‍ധിപ്പിച്ച് വാങ്ങിയത്. ഇതിനെതിരെ കലക്ടര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതി കലക്ടര്‍ക്ക് നിവേദനം നല്‍കി.

വാര്‍ത്താസമ്മേളനത്തില്‍ സമരസമിതി ഭാരവാഹികളായ എം വി സഞ്ജു, ഹരികുമാര്‍ പൂതംകര, ഡി സജി, സുലൈമാന്‍ വാലുപാറ, രാജേഷ് ആനിക്കാട്ട് മഠം, അനൂപ് ആല്‍ഫ എന്നിവര്‍ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home