അലയടിക്കുന്നു; ജന്തർമന്തറിലെ പ്രതിഷേധത്തിര

ഡൽഹി ജന്തർ മന്തറിൽ പൊലീസ് വിദ്യാർഥികളെ ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം

സ്വന്തം ലേഖകൻ
Published on Jul 23, 2026, 12:05 AM | 1 min read
പത്തനംതിട്ട
ചോദ്യപേപ്പർ ചോർച്ചയ്‌ക്ക് ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള ജന്തർമന്തറിലെ വിദ്യാർഥി– യുവജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി മലയോര ജനതയും. സമരത്തെ അടിച്ചമർത്താനുള്ള ബിജെപി സർക്കാരിന്റെ നടപടികൾക്ക് താക്കീതും മുന്നറിയിപ്പുമായി വിവിധ സംഘടനകളുടെ പ്രതിഷേധ പരിപാടികൾ. രൂക്ഷമായ തൊഴിലില്ലായ്‌മയ്‌ക്കും വിദ്യാഭ്യാസ മേഖലയിലെ കൂട്ടകുഴപ്പങ്ങൾക്കും പരിഹാരം കാണാൻ കൂട്ടാക്കാത്ത സർക്കാരിനെ പ്രതിഷേധക്കാർ വിചാരണ ചെയ്‌തു. ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ, എൻജിഒ യൂണിയൻ, കെജിഒഎ, എകെപിസിടിഎ, കെഎസ്‌ടിഎ, ജോയിന്റ് കൗൺസിൽ, കെഎസ്‌യു സംഘടനകൾ ഐക്യദാർഢ്യ പ്രകടനങ്ങളിലും സമ്മേളനങ്ങളിലും അണിനിരന്നു. പ്രധാനെ പുറത്താക്കുക, നാഷണൽ ടെസ്‌റ്റിങ് ഏജൻസി പിരിച്ചുവിടുക, പ്രക്ഷോഭത്തെ തുടർന്ന് അറസ്‌റ്റുചെയ്യപ്പെട്ടവരെ എത്രയുംവേഗം വിട്ടയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങൾ ജില്ലയും ഏറ്റെടുക്കുന്നതാണ് കണ്ടത്. കെഎസ്ടിഎ ജില്ലാ കമ്മിറ്റി പത്തനംതിട്ടയിൽ സംഘടിപ്പിച്ച പ്രതിഷേധസദസ് കെ യു ജനീഷ്‌കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് എ കെ പ്രകാശ് അധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടീവംഗം സി ബിന്ദു, ജില്ലാ സെക്രട്ടറി ദീപ വിശ്വനാഥ്, സംസ്ഥാനകമ്മിറ്റിയംഗം രാജേഷ് എസ് വള്ളിക്കോട്, എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം മാത്യു എം അലക്‌സ്, എകെപിസിടിഎ ജില്ലാ സെക്രട്ടറി റെയ്സൺ സാം രാജു, കെജിഒഎ ജില്ലാ സെക്രട്ടറി മോളമ്മ തോമസ്, ബിജു ജി നായർ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ പത്തനംതിട്ടയിൽ നടത്തിയ ഐക്യദാർഢ്യ പ്രകടനവും സമ്മേളനവും ജില്ലാ സെക്രട്ടറിയറ്റംഗം ശ്യാംരാജ് ഉദ്ഘാടനം ചെയ്‌തു. റിയാസ് റഷീദ് അധ്യക്ഷനായി. അജ്മൽ റഹീം, എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം ശാരിഫ്, ബെൻസ്, ജോൺസി, അസീം, ശിഹാബ് എന്നിവർ സംസാരിച്ചു.










0 comments