print edition യുവജനവേട്ടയ്‌ക്ക് പെല്ലറ്റ്തോക്കും

ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് അണിനിരന്ന വിദ്യാർഥികൾക്കും യുവജനങ്ങൾക്കുനേരെ പെല്ലറ്റ് തോക്കുകളും ഇലക്‌ട്രിക് ലാത്തികളുമാണ് മോദി സർക്കാർ പ്രയോഗിച്ചത്. ആണി തറച്ച ലാത്തിയുപയോഗിച്ചും ആക്രമണം നടത്തി. നിരവധി വിദ്യാർഥികളുടെ ശരീരത്തിൽ പെല്ലറ്റുകൾ തുളച്ചുകയറി.
വിദ്യാർഥികളെയും യുവജനങ്ങളെയും പെല്ലറ്റ് തോക്കുകളും ഇലക്‌ട്രിക് ലാത്തിയുമുപയോഗിച്ച് മൃഗീയമായി വേട്ടയാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കേന്ദ്രസർക്കാരും സേനകളും പ്രതിരോധത്തിലായി. സിആർപിഎഫിന്റെ ദ്രുതകർമ സേനയാണ് പെല്ലറ്റുകളുപയോഗിച്ചത്. പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചിട്ടില്ലെന്ന വാദവുമായി ഡൽഹി പൊലീസ് രംഗത്തെത്തി. പരിക്കേറ്റവരെ ചികിത്സിക്കുന്ന ആശുപത്രി അധികൃതരും സേനകൾ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചത് സ്ഥിരീകരിച്ചു.
പാർലമെന്റ് മാർച്ചിൽ പങ്കെടുത്ത യുവജനപ്രക്ഷോഭകനായ ഷെയ്‌ഖ് ഇൻസാർ മൻസൂരിയുടെ കണ്ണിന് താഴെ നിന്നാണ് പെല്ലറ്റ് പുറത്തെടുത്തത്. വെടിയേറ്റ് മുഖത്തും ശരീരത്തിനും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മൻസൂരിയുടെ ചിത്രം പുറത്തുവന്നു. 2024ലെ കർഷക പ്രക്ഷോഭത്തിനിടയിലും 2023ൽ മണിപ്പുരിലും 2016ൽ ജമ്മു കശ്‌മീരിലും മോദി സർക്കാർ പെല്ലറ്റുപയോഗിച്ചിരുന്നു. നിരവധി പേർക്ക് കാഴ്‌ചശക്തി നഷ്ടപ്പെട്ടു.
യുവജനങ്ങളെ ആർപിഎഫുകാർ ഇലക്‌ട്രിക് ലാത്തികളുപയോഗിച്ച് ഷോക്കടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.










0 comments