മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം റദ്ദാക്കുക
എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

കൊല്ലം
വിദ്യാഭ്യാസ വകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ യൂണിയൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരുടെ ഓഫീസിനുമുമ്പിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവിൽ 106 ജൂനിയർ സൂപ്രണ്ടുമാരെയാണ് സംസ്ഥാനത്ത് തലങ്ങും വിലങ്ങും സ്ഥലംമാറ്റിയത്. വനിതകൾ, ഭിന്നശേഷിക്കാർ, വിവിധ രോഗങ്ങൾമൂലം പ്രത്യേക പരിഗണന അർഹിക്കുന്ന ജീവനക്കാർ എന്നിവരെ മാനുഷിക പരിഗണന പോലും നൽകാതെയാണ് വിദൂര സ്ഥലങ്ങളിലേക്ക് മാറ്റിയത്. 10 വർഷം നോബ്സ് അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം നടന്നിരുന്നത്. എന്നാൽ, ഇപ്പോൾ ജനറൽ ട്രാൻസ്ഫറിന് അപേക്ഷ പോലും ക്ഷണിക്കാതെയാണ് ഈ സ്ഥലംമാറ്റ നടപടി. സ്ഥാനക്കയറ്റത്തിന് അർഹതയുള്ള 60 ജീവനക്കാരുടെ അപേക്ഷയിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ജില്ലയിൽ ഓഫീസ് അറ്റൻഡർമാരെയും മാനദണ്ഡങ്ങൾ ലംഘിച്ച് അന്യായമായി സ്ഥലംമാറ്റി. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി ഗാഥ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ബി സുജിത്, സംസ്ഥാന കമ്മിറ്റി അംഗം ആർ രമ്യ മോഹൻ, ജില്ലാ ട്രഷറർ ആർ രതീഷ് കുമാർ, ജോയിന്റ് സെക്രട്ടറി എസ് ദീപ, വൈസ് പ്രസിഡന്റ് എം എസ് ബിജു, സെക്രട്ടറിയറ്റ് അംഗങ്ങളായ സി രാജേഷ്, സജി ലിയോൺ, ആർ അനിൽകുമാർ എന്നിവർ സംസാരിച്ചു.










0 comments