print edition തീ പടരുന്നു; രാജ്യമെങ്ങും അലയടിച്ച് ജന്തർമന്തറിലെ യുവജനരോഷം

എം പ്രശാന്ത്
Published on Jul 23, 2026, 12:51 AM | 1 min read
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേ ന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ ആളിക്കത്തുന്ന യുവജനരോഷം രാജ്യവ്യാപക പ്രക്ഷോഭമായി പടരുന്നു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ-, വിദ്യാഭ്യാസവിരുദ്ധ നയങ്ങൾക്കെതിരെ ഉയർന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ മെട്രോ നഗരങ്ങൾ ഉൾപ്പെടെ രാജ്യം മുഴുവൻ തെരുവിലിറങ്ങി.
മുംബൈ, കൊൽക്കത്ത, ബംഗളൂരു, ജയ്‌പുർ, പട്ന, ഇൻഡോർ, ഹൈദരാബാദ്, പുണെ, ഗോവ, ചണ്ഡിഗ-ഡ്, ഭോപാൽ, ലഡാക്ക് എന്നിവിടങ്ങളിൽ കേന്ദ്രത്തിന്റെ അടിച്ചമർത്തൽ നയങ്ങൾക്കെതിരായ യുവജനരോഷം വൻ പ്രതിഷേധ റാലികളായി ഇരമ്പി.
പട്നയിലും മുംബൈയിലും പ്രക്ഷോഭകരെ പൊലീസ് തല്ലിചതച്ചു. പട്നയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളെയും യുവജനങ്ങളെയുമാണ് പൊലീസ് മർദിച്ചത്. പട്ന ലോക്‌ഭവനിലേക്ക് ഇടതുപക്ഷ വിദ്യാർഥിസംഘടനകളുടെ നേതൃത്വത്തിലുള്ള മാർച്ച് തടഞ്ഞ പൊലീസ് ലാത്തി വീശി. ചിതറിയോടിയ വിദ്യാർഥികളെ പിന്തുടർന്ന് അടിച്ചു. കോളറിലും കഴുത്തിലും പിടിച്ച് വലിച്ചിഴയ്‌ക്കുകയും പൊലീസ് വാഹനത്തിലേക്ക് എടുത്തെറിയുകയും ചെയ്‌തു. പട്നയിൽ മറ്റൊരിടത്ത് കോൺഗ്രസും ബിജെപി പ്രവർത്തകരും ഏറ്റുമുട്ടി. ഇവിടെയും പൊലീസ് ലാത്തിവീശി.
മുംബൈയിൽ ചെമ്പൂർ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ വിദ്യാർഥികളും യുവജനങ്ങളും പ്രതിഷേധിച്ചു. കനത്ത മഴയിലും നൂറുകണക്കിനാളുകൾ പങ്കാളികളായി. പൊലീസിന്റെ സുരക്ഷാവിന്യാസങ്ങൾ മറികടന്നാണ് പ്രതിഷേധക്കാർ പല കേന്ദ്രങ്ങളിലും ഒത്തുകൂടിയത്. പൊലീസിന്റെ ലാത്തിയടിയിൽ നിരവധി പേർക്ക് പരിക്കേറ്റു. ജയ്‌പുരിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി.










0 comments