ഒരുമിച്ച് പഠിക്കൂ... ഒരുമിച്ച് വളരൂ...
വിത്ത് പദ്ധതിക്ക് തുടക്കം

പത്തനംതിട്ട ജുവനൈല് ജസ്റ്റിസ് ബോര്ഡ് നടപ്പാക്കുന്ന വിത്ത് പദ്ധതി ലോഗോ ജുവനൈല് ജസ്റ്റിസ് ബോര്ഡ് പ്രിന്സിപ്പല് മജിസ്ട്രേറ്റ് പി നിജേഷ് കുമാര് പ്രകാശനം ചെയ്യുന്നു
കോന്നി
പത്തനംതിട്ട ജുവനൈല് ജസ്റ്റിസ് ബോര്ഡ് നേതൃത്വത്തില് ജില്ലയിലെ വിവിധ സ്കൂളുകളിലും ഉന്നതികളിലും അധ്യാപക പരിശീലന ഇന്സ്റ്റിറ്റ്യൂട്ടുകളിലുമായി നടപ്പാക്കുന്ന വിത്ത് പദ്ധതിക്ക് തുടക്കം. പദ്ധതി ജില്ലാതല ഉദ്ഘാടനവും ത്രിദിന ആര്ട് ഓഫ് പേരന്റിങ് സെമിനാറും കോന്നി ഗവ. ഹയര്സെക്കൻഡറി സ്കൂളില് ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് ഡോ. ജോണ് വര്ഗീസ് നിര്വഹിച്ചു. പദ്ധതിയുടെ ലോഗോ ജുവനൈല് ജസ്റ്റിസ് ബോര്ഡ് പ്രിന്സിപ്പല് മജിസ്ട്രേറ്റ് പി നിജേഷ് കുമാര് പ്രകാശനം ചെയ്തു. സ്കൂള് പിടിഎ പ്രസിഡന്റും ലൈബ്രറി കൗണ്സില് താലുക്ക് സെക്രട്ടറിയുമായ അഡ്വ. പേരൂര് സുനില് അധ്യക്ഷനായി.
"ഒരുമിച്ച് പഠിക്കൂ ഒരുമിച്ച് വളരൂ, ഭാവിയിലെ ഉത്തരവാദിത്തമുള്ള പൗരന്മാരായി പരിണമിക്കൂ' എന്നതാണ് പദ്ധതിയുടെ സന്ദേശം. ആറുമുതല് 13 വയസുവരെയുള്ള കുട്ടികള്, അവരുടെ രക്ഷിതാക്കള്, അധ്യാപകര് എന്നിവരെയാണ് പ്രധാനമായും പദ്ധതി ലക്ഷ്യമിടുന്നത്. ഒരു കുട്ടിയുടെ വളര്ച്ചയുടെ ഘട്ടത്തില് കൂട്ടായ ഉത്തരവാദിത്തത്തോടെ ഇടപെടുക, പഠിക്കുക, പ്രവര്ത്തിക്കുക എന്ന ലക്ഷ്യത്തോടെ ജെൻ ആൽഫ കുട്ടികൾക്കായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ജില്ലാ പഞ്ചായത്തംഗം എസ് സന്തോഷ് കുമാര്, ബോര്ഡംഗങ്ങളായ ഷാന് രമേശ് ഗോപന്, അഡ്വ. എം എസ് ദീപ, ഗവ. എച്ച്എസ്എസ് പ്രിന്സിപ്പല് ജി സന്തോഷ്, എച്ച്എംസി ചെയര്മാന് എസ് ബിജോയ്, മദര് പിടിഎ പ്രസിഡന്റ് ബി രേഷ്മ, പ്രഥമാധ്യാപിക എച്ച് ഫെബിന് എന്നിവർ സംസാരിച്ചു. സ്കൂളില് മൂന്ന് ദിനങ്ങളായി ആറ് ബാച്ചുകളിലായി 600 രക്ഷിതാക്കളാണ് പരിശീലനത്തില് പങ്കെടുക്കുന്നത്. വിത്ത് പ്രോഗ്രാമിലേക്ക് രജിസ്റ്റര് ചെയ്യാം. ഫോൺ: 9947387709, 9961474430.








0 comments