കുട്ടിയുടെ മൃതദേഹം പോസ്‌റ്റുമോർട്ടം ചെയ്യാതെ മണിക്കൂറുകൾ
പീഡിയാട്രീഷ്യന്റെ നിസഹകരണമെന്ന് ആക്ഷേപം

അടൂർ
വാഹനാപകടത്തിൽ മരിച്ച അഞ്ചുവയസുകാരന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ആശുപത്രി സൂപ്രണ്ട് വിസമ്മതിച്ചതിനുപിന്നിൽ പീഡിയാട്രിക് വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറുടെ നിസഹകരണമെന്ന് ആക്ഷേപം. അപകടത്തിൽപ്പെട്ട് അടൂർ ജനറൽ ആശുപത്രിയിൽ കൊണ്ടുവന്ന കുട്ടി മരിച്ചിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പീഡിയാട്രീഷ്യൻ ഡോ. ബിന്ദു ഇവിടെ പോസ്‌റ്റുമോർട്ടം നടത്താനാവില്ലെന്നും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കൊണ്ടുപോകണമെന്നും ബന്ധുക്കളോട് നിർദേശിച്ചു. ഈ വിവരം ജനപ്രതിനിധികൾ അടക്കമുള്ളവർ ആശുപത്രി സൂപ്രണ്ടിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും സൂപ്രണ്ട് രചന ചിദംബരവും ഇവിടെ പോസ്റ്റ്മോർട്ടം ചെയ്യാൻ പറ്റില്ലെന്നും പത്തനംതിട്ടയ്ക്ക് കൊണ്ടുപോകണമെന്നും ശാഠ്യം പിടിച്ചു.
വാഹനാപകടത്തിൽ മരിക്കുന്നവരുടെ പോസ്റ്റ്മോർട്ടം അടൂർ ജനറൽ ആശുപത്രിയിൽ നടത്തുന്നതിന് നിയമപരമായ ഒരു തടസവുമില്ലെന്ന് ജനപ്രതിനിധികളടക്കം ചുണ്ടിക്കാട്ടിയെങ്കിലും ഇവർ പോസ്റ്റ്മോർട്ടം നടത്തില്ലെന്ന നിലപാടിലായിരുന്നു. ഇതിനെതിരെ പ്രതിഷേധമുയർന്നതോടെ പോസ്റ്റ്മോർട്ടത്തിന് സൂപ്രണ്ട് തയ്യാറായി. ആശുപത്രിയിലെ ഒരു വിഭാഗം ഡോക്ടർമാരും അടൂരിൽ തന്നെ പോസ്റ്റ്മോർട്ടം നടത്തുന്നതിനെ അനുകൂലിച്ചെങ്കിലും സൂപ്രണ്ട് വഴങ്ങിയിരുന്നില്ല. പോസ്റ്റ്മോർട്ടം ചെയ്യേണ്ട ഡോ. ബിന്ദുവിന് അത് ചെയ്യാനുള്ള താൽപ്പര്യക്കുറവാണ് സൂപ്രണ്ടിന്റെ നിലപാടിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. രണ്ടര മണിക്കൂറിലേറെ നീണ്ട തർക്കത്തിനൊടുവിലാണ് മൃതദേഹം അടൂർ ആശുപത്രിയിൽ തന്നെ പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനമായത്.










0 comments