പണവും സ്വര്‍ണവുമായി മുങ്ങി; കുടുംബത്തെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടി

കൊല്ലം
സ്‌നേഹബന്ധം നടിച്ച് പരിചയക്കാരിൽനിന്ന് കോടികണക്കിനു രൂപയും സ്വർണവുമായി മുങ്ങിയ കുടുംബത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണം വഴിമുട്ടിയ നിലയിൽ. പരവൂർ തെക്കുംഭാഗം പണ്ടകശാലയിൽ ഫൈസൽ, അസീമ ദന്പതികളാണ് മക്കളുമായി മുങ്ങിയത്. ഒന്പത്, ഏഴ്, ആറ് ക്ലാസുകളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ഇവർക്കൊപ്പമുള്ളത്. ആഗസ്ത് ആദ്യമാണ് ഇവർ നാടുവിട്ടത്. പണവും സ്വർണവും നഷ്‌ടപ്പെട്ടവർ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി കാത്തിരിക്കുകയാണ്. തെക്കുംഭാഗം മുബീൻ കോട്ടേജിൽ സിമിയുടെ പതിനഞ്ച് പവൻ സ്വർണവും 17 ലക്ഷം രൂപയും ആദിൽ വില്ലയിൽ ജസീലയുടെ ഒന്നരക്കോടി രൂപയും 70പവൻ സ്വർണവും കോന്തച്ചാരഴികത്ത് സീനയുടെ 23ലക്ഷം രൂപയും അഞ്ച് പവൻ സ്വർണവും ദന്പതികൾ തിരികെ നൽകാനുണ്ട്. ഇങ്ങനെ പരവൂരിൽ തെക്കുംഭാഗം, കാപ്പിൽ സ്വദേശികളായ 20 പേരിൽനിന്നാണ് സ്വർണവും പണവും തട്ടിയെടുത്തിട്ടുള്ളത്. ബിസിനസ് ആവശ്യത്തിന് എന്നുപറഞ്ഞായിരുന്നു തട്ടിപ്പ്. ബിസിനസിൽനിന്നുള്ള ലാഭവിഹിതം തരാമെന്ന് പറഞ്ഞ് മോഹിപ്പിച്ചാണ് പണം പ്രതികൾ വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. പണം പലിശക്കെടുത്ത് നൽകിയവരുമുണ്ട്. മക്കളുടെ വിവാഹ ആവശ്യത്തിന് സുക്ഷിച്ചിരുന്ന സ്വർണവും മോഹനവാഗ്‌ദാനത്തിൽപ്പെട്ട് നൽകി. എന്നാൽ, സാന്പത്തിക തട്ടിപ്പുനടത്തിയ കുടുംബത്തെ കണ്ടെത്താനുള്ള ഫലപ്രദമായ അന്വേഷണം പൊലീസ് നടത്തുന്നില്ല. അവർ ഒളിവിലാണെന്ന പതിവ് മറുപടി പറഞ്ഞ് പൊലീസ് കൈഒഴിയുകയാണ്. കുടുംബം കേരളം വിടാനാണ് സാധ്യതതെന്ന് അറിഞ്ഞിട്ടും പൊലീസ് പ്രത്യേക ടീമിനെ നിയോഗിച്ചിട്ടില്ല. പണം കടംവാങ്ങിക്കൊടുത്തവർ ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. കടം കൊടുത്തവർ ഇവരുടെ വീടുകൾ കയറി ഇറങ്ങുന്നു.








0 comments