ഡിഎസ്‌യുവിൽനിന്ന് ഗവേഷകരെ പുറത്താക്കൽ
നിറവേറ്റുന്നത് എംഎസ്എഫിന്റെ ആവശ്യം

തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാല പഠനവിഭാഗങ്ങളിലെ ഗവേഷകരെ ഡിപ്പാർട്ട്‌മെന്റൽ സ്റ്റുഡന്റ്സ് യൂണിയനിൽനിന്ന് പുറത്താക്കുന്നതിനുപിന്നിൽ യുഡിഎസ്എഫ് താല്‍പ്പര്യം. ഡിഎസ്‌യു പിടിച്ചെടുക്കാൻ കഴിയുമോയെന്ന അവസാന പരിശ്രമത്തിന്റെ ഭാഗമായാണ് വൈസ് ചാൻസലറുടെയും യുഡിഎഫ് സിൻഡിക്കറ്റിന്റെയും നേതൃത്വത്തിൽ ഗവേഷകരെ പുറത്താക്കുന്നത്. ഇതിന് വഴിയൊരുക്കാനാണ് യുഡിഎഫ് അനുകൂലികളായ അധ്യാപകരെ ഉൾക്കൊള്ളിച്ച് കമ്മിറ്റിയുണ്ടാക്കി റിപ്പോർട്ട് എഴുതിവാങ്ങിയത്. അധ്യാപകരടങ്ങിയ കമ്മിറ്റിയുടെ ശുപാർശയിലാണ് തീരുമാനമെന്ന് വരുത്തിത്തീർക്കുകയായിരുന്നു ലക്ഷ്യം. കമ്മിറ്റി കൺവീനറായ പ്രൊഫ. എൻ മുഹമ്മദലി സിൻഡിക്കറ്റ് തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് അനുകൂല പാനലിൽ മത്സരിച്ച് തോറ്റയാളാണ്. സർവകലാശാലാ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന് പഠന വിഭാഗത്തിൽ ജോലി ലഭിച്ചതും യുഡിഎഫ് സിൻഡിക്കറ്റ് കാലത്തുതന്നെ. യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ സിഡിസി ഡയറക്ടറായും നിയമിച്ചു. കമ്മിറ്റിയിലെ മറ്റൊരംഗമായ പ്രൊഫ. പ്രമോദ് കൂവ്വപുറത്തും കോൺഗ്രസ് അനുകൂല സംഘടനാ പ്രവർത്തകനാണ്. യുഡിഎഫ് വന്നതോടെ അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടർ സ്ഥാനമാണ് കിട്ടിയത്. മറ്റൊരാൾ ഡോ. ഫസലുറഹ്മാനാണ്. ഇദ്ദേഹവും യുഡിഎഫ് അനുകൂലിയാണ്. വിദ്യാർഥി ക്ഷേമ വിഭാഗം തലവനായി ഇദ്ദേഹത്തെ നിയമിച്ചിരുന്നു. വലതുപക്ഷ സംഘടനാ അനുകൂലിയായ പ്രൊഫ. എ എം വിനോദ് കുമാറാണ് മറ്റൊരംഗം. ഇവരെല്ലാം ചേർന്നുള്ള കമ്മിറ്റിയാണ് എംഎസ്എഫ് ഏറെക്കാലമായി ആവശ്യപ്പെടുന്ന കാര്യം റിപ്പോർട്ടാക്കി എഴുതിനൽകിയത്. ഇത് റിപ്പോർട്ടെന്ന പേരിൽ അജന്‍ഡയിലുൾപ്പെടുത്താതെയും അംഗങ്ങൾക്ക് വിതരണംചെയ്യാതെയും സിൻഡിക്കറ്റിലെ ഭൂരിപക്ഷമുപയോഗിച്ച് പാസാക്കുകയായിരുന്നു. ഇതിനിടെ വോട്ടർ ലിസ്റ്റിൽനിന്ന് ഗവേഷകരെ പുറത്താക്കാൻ കമ്മിറ്റിയംഗംകൂടിയായ വിദ്യാർഥി ക്ഷേമ വിഭാഗം തലവൻ ഡോ. ഫസലുറഹ്മാൻ പഠനവിഭാഗം തലവൻമാർക്ക് നിർദേശവും നൽകിയിട്ടുണ്ട്.










0 comments