മുഖ്യമന്ത്രിയുടെ മറുപടികൾ ധിക്കാരം

ഒറ്റപ്പാലം
മന്ത്രിമാർക്ക് അഴിമതി നടത്താൻ മുഖ്യമന്ത്രി പ്രോത്സാഹനം നൽകുകയാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. നൂറുദിവസം പിന്നിടുന്പോൾ മുഖ്യമന്ത്രി അടക്കം അരഡസൻ മന്ത്രിമാർ വിവാദത്തിൽപ്പെട്ടു. ഇതിന് വിശദീകരണം നൽകാതെ ധിക്കാരം കാണിക്കുകയാണ് മുഖ്യമന്ത്രി. വിവാദങ്ങളുടെ കേന്ദ്രീകരണം അഴിമതിയാണ്. അതിന് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയും. വിവരിക്കാൻ കഴിയാത്തത്ര അഴിമതിയ്‌ക്കാണ് ചുരുങ്ങിയ ദിവസങ്ങളിൽ മുഖ്യമന്ത്രി നേതൃത്വം നൽകിയത്. മുഖ്യമന്ത്രിയുടെ ചുമതല കിട്ടിയാൽ എന്തുമാകാമെന്നാണ് സതീശൻ കരുതുന്നത്. വിമാനയാത്രയും അഴിമതിയാണ്. യാത്രാച്ചെലവ് വഹിച്ചത് ചിപ്‌സൺ ഏവിയേഷൻ എന്ന വിമാന കമ്പനിയാണെന്ന് വിവരം പുറത്തുവന്നു. അല്ലെങ്കിൽ സ്പോൺസർ ആരാണെന്ന് മുഖ്യമന്ത്രി പറയണം. വ്യാജ രേഖ കേസിലെ പ്രതിക്ക് ഉയർന്ന ഔദ്യോഗിക പദവി നൽകിയതിൽ അന്വേഷണം വേണം. മുഖ്യമന്ത്രി തുടർച്ചയായി സത്യപ്രതിജ്ഞാലംഘനം നടത്തുന്നു. അഴിമതി നിരോധന നിയമം പ്രകാരം വിജിലൻസിന് പരാതി കിട്ടിയിട്ടുണ്ട്. ഇങ്ങനെയെല്ലാം വിവാദം ഉണ്ടായിട്ടും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്ഥാനത്ത് തുടരാൻ അർഹതയുണ്ടോ എന്ന് അവർ തന്നെ തീരുമാനിക്കണമെന്നും ടി പി രാമകൃഷ്‌ണൻ ഒറ്റപ്പാലത്ത് മാധ്യമങ്ങളോട് പറഞ്ഞു.









0 comments