print edition വീണ്ടും ചട്ടവിരുദ്ധ സ്ഥലംമാറ്റം; സാക്ഷരതാമിഷനിൽ സീനിയോറിറ്റി മറികടന്നും ഇഷ്ടനിയമനം


സ്വന്തം ലേഖകൻ
Published on Sep 26, 2026, 12:44 AM | 1 min read
തിരുവനന്തപുരം : സംസ്ഥാന സാക്ഷരതാ മിഷനിൽ ചട്ടവിരുദ്ധ നിയമനങ്ങൾക്കുപുറകേ ക്രമവിരുദ്ധമായ സ്ഥലംമാറ്റങ്ങളും തകൃതി. ജില്ലാ പ്രോജക്ട് കോ– ഓർഡിനേറ്റർമാരുടെ സ്ഥലംമാറ്റത്തിന്റെ കൂട്ടത്തിൽ അസി. കോ–ഓർഡിനേറ്ററെയും സ്ഥലംമാറ്റി ജില്ലാ കോ– ഓർഡിനേറ്ററുടെ ചുമതല നൽകി. ജില്ലാ കോ–ഓർഡിനേറ്ററായിരിക്കെ അന്വേഷണത്തെത്തുടർന്ന് മാറ്റിയ റഷീദ് ചോലയിലിനാണ് സീനിയോറിറ്റി മറികടന്ന് വീണ്ടും അതേ ചുമതല നൽകിയത്.
അഞ്ച് ജില്ലാ കോ–ഓർഡിനേറ്റർമാരുടെ സ്ഥലംമാറ്റപ്പട്ടികയാണ് കഴിഞ്ഞദിവസം ഇറങ്ങിയത്. എറണാകുളത്തുനിന്ന് സജി തോമസിനെ തൃശൂരിലേക്കും വയനാട്ടിൽനിന്ന് പി പ്രശാന്ത്‌കുമാറിനെ പത്തനംതിട്ടയിലേക്കും ആലപ്പുഴയിൽനിന്ന് ദീപ ജെയിംസിനെ വയനാട്ടിലേക്കും പത്തനംതിട്ടയിൽനിന്ന് ടോജോ ജേക്കബിനെ എറണാകുളത്തേക്കും തൃശൂരിൽനിന്ന് വി വി ശ്യാംലാലിനെ ആലപ്പുഴയിലേക്കും മാറ്റി. ഇതിനൊപ്പമാണ് സംസ്ഥാന മിഷൻ ആസ്ഥാനത്ത് അസി. കോ–ഓർഡിനേറ്ററായ റഷീദ് ചോലയിലിനെ മലപ്പുറത്തേക്ക് ജില്ലാ കോ–ഓർഡിനേറ്ററുടെ ചുമതലയിലേക്ക് മാറ്റിയത്. ഇപ്പോഴത്തെ സർക്കാർ വന്നശേഷമാണ് അദ്ദേഹത്തെ കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത്. ആ സ്ഥാനത്ത് "സൂപ്പർ ഡയറക്ടറാ'യാണ് ഇദ്ദേഹം പ്രവർത്തിച്ചിരുന്നത് എന്ന ആരോപണമുയർന്നിരുന്നു.
നേരത്തേ മലപ്പുറം ജില്ലാ കോ–ഓർഡിനേറ്ററുടെ ചുമതലയിലിരിക്കെ റഷീദ് സാമ്പത്തിക നഷ്ടം വരുത്തിയതായി ഓഡിറ്റിൽ കണ്ടെത്തിയതോടെയാണ് കാസർകോട്ടേക്ക് മാറ്റിയത്. ഭരണം മാറിയതോടെ ഇത് ഒതുക്കിത്തീർക്കാനാണ് തിരുവനന്തപുരത്തേക്ക് മാറ്റിയതെന്നായിരുന്നു വിമർശം. കൃത്യം മൂന്നുമാസത്തിനകം ഇദ്ദേഹം മലപ്പുറത്ത് തിരിച്ചെത്തുന്നത് മുസ്ലിംലീഗിലെ സ്വാധീനത്തെത്തുടർന്നാണ്. ശാസ്‌താപ്രസാദ് ആയിരുന്നു മലപ്പുറത്ത് കോ– ഓർഡിനേറ്ററുടെ ചുമതല വഹിച്ചിരുന്നത്. സീനിയറായ ഇദ്ദേഹത്തെ മാറ്റിയാണ് റഷീദിന് ചുമതല നൽകിയത്.










0 comments