print edition കെ എം ഷാജിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പരാതി

സ്വന്തം ലേഖിക
Published on Sep 26, 2026, 12:47 AM | 1 min read
കൊച്ചി : തദ്ദേശഭരണമന്ത്രി കെ എം ഷാജി ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യവ്യക്തിയുടെ ആഡംബരവാഹനമായ റേഞ്ച് റോവർ ഉപയോഗിച്ചതിൽ പരിശോധന ആവശ്യപ്പെട്ട് മോട്ടോർ വാഹനവകുപ്പിന് പരാതി നൽകി. സൗദിയിലെ വ്യവസായിയായ യാക്കൂബിന്റെ ‘കെഎൽ 78 എ 0009' രജിസ്ട്രേഷനിലുള്ള വാഹനമാണ് ഷാജി വാടക നൽകാതെ ഉപയോഗിച്ചിരുന്നത്. ഇൗ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അടക്കമുള്ളവ പരിശോധിക്കണം.
കൂടാതെ, വാഹനം രൂപമാറ്റം വരുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കണമെന്ന് അഭിഭാഷകനായ അതുൽ ടോം ഗതാഗത കമീഷണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
ഔദ്യോഗിക അനുമതിയില്ലാതെ സ്വകാര്യവാഹനത്തിൽ സംസ്ഥാന ചിഹ്നം, മന്ത്രിയുടെ വാഹനത്തിന്റെ ഔദ്യോഗിക നമ്പറായ 13, ദേശീയപതാക, ബീക്കൺ ലെെറ്റുകൾ എന്നിവ ഉപയോഗിച്ചതിന് നടപടി ആവശ്യപ്പെട്ട് പൊതുഭരണവകുപ്പിനും അതുൽ പരാതി നൽകിയിട്ടുണ്ട്.
പൊതുഭരണവകുപ്പ് ഔദ്യോഗിക അനുമതി നൽകിയിട്ടില്ലെന്നിരിക്കെ സൗഹൃദത്തിന്റെ പേരിൽ ആഡംബരവാഹനം മന്ത്രി ഉപയോഗിക്കുന്നത് ജനപ്രാതിനിധ്യ നിയമങ്ങളുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും ലംഘനമാണ്. മന്ത്രിയുടെ ഉപയോഗത്തിനുശേഷം വാഹനത്തിന്റെ ഉടമയോ ബന്ധുക്കളോ സർക്കാർ ചിഹ്നങ്ങളോടെ ഈ വാഹനം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ആൾമാറാട്ടക്കുറ്റം ചുമത്തണം.
യാക്കൂബിനെ ഹയർ സെക്കൻഡറി സ്കൂളിന്റെ മാനേജ്‌മെന്റ് കമ്മിറ്റിയിൽ ഉൾപ്പെടുത്താനുള്ള നീക്കമടക്കം അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. അതിനാൽ വാഹനം കണ്ടുകെട്ടണമെന്നും ആവശ്യമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.










0 comments