കരട് അന്തിമമായാൽ ജില്ലയിൽ 770 ച.കി.മീ. നിയന്ത്രണം
ബാധിക്കുക 2.96 ലക്ഷം ജനങ്ങളെ

വി കെ ഷാനവാസ്
Published on Sep 26, 2026, 12:37 AM | 2 min read
എടക്കര
പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശം (ഇഎസ്എ) സംബന്ധിച്ച കേന്ദ്ര കരട് അതുപോലെ അന്തിമമാക്കിയാൽ ജില്ലയിലെ മലയോര മേഖലയിലെ 2.96 ലക്ഷത്തിലേറെ ജനങ്ങളെ നേരിട്ട് ബാധിക്കും. ജില്ലയിലെ 11 വില്ലേജുകളിലായി 770.05 ച.കി.മീറ്റർ പ്രദേശമാണ് കരട് പട്ടികയിലുള്ളത്. 2011ലെ കണക്കുപ്രകാരം 2,95,900 പേർ താമസിക്കുന്ന പ്രദേശമാണിത്. യഥാർഥ ജനസംഖ്യ ഇതിലും കൂടുമെന്നതിനാൽ കേന്ദ്രം കരട് പട്ടികയ്ക്ക് അംഗീകാരം നൽകിയാൽ ജില്ലയ്ക്കുണ്ടാകുന്ന ആഘാതം വലുതാകും. കരട് പട്ടികയിൽ ഉൾപ്പെട്ട വില്ലേജുകളിൽ വഴിക്കടവിലാണ് കൂടുതൽ ജനസംഖ്യ–47,322. അമരമ്പലം 35,975, ചുങ്കത്തറ 35,406, പോത്തുകല്ല് 29,561, കരുവാരക്കുണ്ട് 26,712, കരുളായി 25,758, കുറുമ്പലങ്ങോട് 21,803, കാളികാവ് 22,018, ചോക്കാട് 19,510, അകമ്പാടം 16,964, കേരള എസ്റ്റേറ്റ് 14,871 എന്നിങ്ങനെയാണ് ജനസംഖ്യാ നിരക്ക്. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇഎസ്എ പട്ടികയിൽ ഉൾപ്പെട്ടതാണ് മലയോര നിവാസികളുടെ ആശങ്കയ്ക്ക് കാരണം. റബർ, തെങ്ങ്, കമുക്, നെല്ല്, കാപ്പി, കുരുമുളക്, വാഴ തുടങ്ങിയ കൃഷികളെ ആശ്രയിക്കുന്ന കുടുംബങ്ങളാണ് മലയോര മേഖലയിൽ അധികവും. കാർഷിക അനുബന്ധ പ്രവർത്തനങ്ങളെ നിയന്ത്രണം ബാധിക്കുമെന്നാണ് ആശങ്ക. വീട് നിർമാണം, കൃഷിയിട വികസനം, റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിൽ നിയന്ത്രണമുണ്ടാകും. വനഭൂമിയും ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒരേ രീതിയിൽ പരിഗണിക്കുന്ന തരത്തിലാണ് കരട് വിജ്ഞാപനം. ഖനനം, ക്വാറി, മണൽ ഖനനം എന്നിവയ്ക്ക് നിരോധനവും പുതിയ വ്യവസായങ്ങൾക്കും വലിയ നിർമാണ പദ്ധതികൾക്കും നിയന്ത്രണവും കരടിലുണ്ട്. നിലവിലുള്ള വലിയ വീടുകളുടെ അറ്റകുറ്റപ്പണിക്കും നവീകരണത്തിനും നിയന്ത്രണം വരും.
ഒഴിവാക്കാനുള്ള നിർദേശത്തിൽ ചുങ്കത്തറമാത്രം
എടക്കര
കേന്ദ്രം പുറത്തിറക്കിയ ഏഴാമത്തെ പരിസ്ഥിതിലോല പ്രദേശ (ഇഎസ്എ) കരട് വിജ്ഞാപനത്തില്‍നിന്ന് ഒഴിവാക്കാനുള്ള സംസ്ഥാന സർക്കാർ നിർദേശത്തിൽ ജില്ലയിൽനിന്ന് ചുങ്കത്തറ വില്ലേജ് മാത്രം. ഇതോടെ ജില്ലയിലെ 10 വില്ലേജുകൾ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുമെന്നുറപ്പായി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് യുഡിഎഫ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംസ്ഥാനത്തെ 33 വില്ലേജുകളെ ഒഴിവാക്കണമെന്നാണ് നിർദേശം. ജൂലൈ 27ന് ഇറക്കിയ കേന്ദ്ര വിജ്ഞാപനത്തില്‍ അഭിപ്രായം അറിയിക്കാനുള്ള സമയപരിധി വെള്ളിയാഴ്ച അവസാനിച്ചു. പരിസ്ഥിതി സെക്രട്ടറി എം ജി രാജമാണിക്യം വ്യാഴാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വലിയ ആശങ്ക കരുളായിക്ക്
എം സനോജ്
നിലമ്പൂർ
കേന്ദ്രസർക്കാരിന്റെ പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശം (ഇഎസ്എ) സംബന്ധിച്ച ഏഴാം കരട് വിജ്ഞാപനം അന്തിമമായാൽ ജില്ലയിൽ ഏറ്റവും വലിയ ആഘാതം നേരിടുക കരുളായി വില്ലേജിൽ. കരുളായിയിലെ 268.14 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജനവാസമേഖലകളും കൃഷിഭൂമികളും ഉൾപ്പെടുന്ന പ്രദേശമായതിനാൽ വിജ്ഞാപനം അതേപടി അന്തിമമാകുന്നത് പ്രദേശവാസികൾക്കും കർഷകർക്കും തിരിച്ചടിയാകും. കുറുന്പലങ്ങോട് 154.81 ചതുരശ്ര കിലോമീറ്ററും വഴിക്കടവിൽ 112.64 ചതുരശ്ര കിലോമീറ്ററും ഇഎസ്എ പരിധിയിലാകും. ജില്ലയിലാകെ 770.05 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് കേന്ദ്രനീക്കത്തിൽ പരിസ്ഥിതിലോല മേഖലയാകുന്നത്. കരുളായി, കുറുന്പലങ്ങോട്, വഴിക്കടവ് എന്നിവിടങ്ങളിലെ ജനവാസമേഖലകളും കൃഷിയിടങ്ങളും ഉൾപ്പെടുന്നതിനാൽ നിയന്ത്രണങ്ങളുടെ വ്യാപ്തി പ്രദേശവാസികളെ നേരിട്ട് ബാധിക്കാനുള്ള സാധ്യതയുണ്ട്.









0 comments