ആലത്തൂരിന്റെ ചിരകാല സ്വപ്‌നം യാഥാർഥ്യമാകുന്നു
പറക്കുന്നം പാലം നിർമാണം ഉടൻ തുടങ്ങും

എടാംപറമ്പ് തടയണ
ജി അലേഷ്യസ്
Published on Sep 26, 2026, 12:35 AM | 1 min read
ആലത്തൂർ
എൽഡിഎഫ് സർക്കാർ അനുവദിച്ച ആലത്തൂരുകാരുടെ ചിരകാല സ്വപ്‌നമായ പറക്കുന്നം പാലം നിർമാണം ഉടൻ ആരംഭിക്കും. നിർമാണം ഉടനാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ടി എം ശശി എംഎൽഎ കത്ത് നൽകിയതോടെയാണ് സാങ്കേതിക പ്രശ്നം പരിഹരിച്ച് സർക്കാർ ഉത്തരവിറക്കിയത്. കിഫ്ബിയിൽ നിന്നുള്ള 14.53 കോടി രൂപ ഉപയോഗിച്ചാണ് നിർമാണം. ആലത്തൂർ പഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് പറക്കുന്നം. മുന്നൂറിലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവിടെനിന്ന് സ്കൂൾ, ആശുപത്രി, സർക്കാർ ഓഫീസുകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി ആലത്തൂരിനെയാണ് ആശ്രയിക്കുന്നത്. ഗായത്രി പുഴ കടന്ന് ആലത്തൂരിലെത്താനായി 1988ൽ എടാംപറമ്പിൽ തടയണ നിർമിച്ചു. 1996ൽ ചെറുവാഹനങ്ങൾ കടന്നുപോകുന്നതിനായി തടയണയുടെ വീതി കൂട്ടി അനുബന്ധ റോഡ് ഒരുക്കി. എന്നാൽ ചെറിയ മഴയിൽ പോലും യാത്ര ദുഷ്‌കരമായി. ഇതോടെ വെങ്ങന്നൂർ, പറക്കുന്നം, ചുള്ളിമട, മാരാക്കാവ് തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ മഴക്കാലത്ത് ആറ് കിലോമീറ്റർ താണ്ടിയാണ് ആലത്തൂരെത്തിയിരുന്നത്. പ്രദേശവാസികളുടെ ചിരകാല സ്വപ്നമായ പാലത്തിന് 2017ലെ കിഫ്ബി ഫണ്ടിൽ നിന്നും 15 കോടി വകയിരുത്തിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നിർമാണം നടന്നില്ല. നവകേരള സദസ്സിൽ അന്നത്തെ എംഎൽഎ ആയിരുന്ന കെ ഡി പ്രസേനൻ ഇക്കാര്യം ഉന്നയിക്കുകയും 8.9 കോടി അനുവദിക്കുകയും ചെയ്‌തു. എന്നാൽ അതിനും സാങ്കേതിക പ്രശ്നമുണ്ടായി. അലൈൻമെന്റിലെ പ്രശ്നം പരിഹരിക്കുകയും പ്രദേശവാസികളായ എടാംപറമ്പ് സി ശിവദാസൻ, പറക്കുന്നം വിജയൻ, ജയൻ, മോഹനൻ, മധു, കുഞ്ചുക്കുട്ടൻ എന്നിവർ സ്ഥലം സൗജന്യമായി വിട്ടു നൽകുകയും ചെയ്തതോടെയാണ് പ്രശ്നം നീങ്ങിയത്.










0 comments