ad
Deshabhimani

അഞ്ചാംപനി: 8 ദിവസത്തിനിടെ 2 മരണം

കുത്തിവയ്‌പ്പാണ്‌ പ്രതിരോധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2026, 12:32 AM | 1 min read

സ്വന്തം ലേഖകന്‍

മലപ്പുറം

ജില്ലയില്‍ എട്ടുദിവസത്തിനിടെ അഞ്ചാംപനി ബാധിച്ച് മരിച്ച രണ്ട് കുട്ടികളും പ്രതിരോധശേഷിക്കുള്ള എംആര്‍ (മീസില്‍സ് – റുബെല്ല) വാക്സിന്‍ കുത്തിവയ്‌പ് നടത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. കഴിഞ്ഞ 15ന് വളവന്നൂരില്‍ പത്തുമാസം പ്രായമുള്ള കുഞ്ഞും 22ന് പൊന്മളയില്‍ ഒന്നരവയസ്സുകാരനുമാണ് മരിച്ചത്. കുട്ടികള്‍ക്ക് ഒമ്പതാംമാസം എംആര്‍ വാക്സിന്റെ ആദ്യഡോസും പതിനഞ്ചാം മാസം രണ്ടാം ഡോസുമാണ് നല്‍കുന്നത്. മരിച്ച കുട്ടികള്‍ ഒരുഡോസ് വാക്സിന്‍പോലും സ്വീകരിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പില്‍നിന്നുള്ള വിവരം. അശാസ്ത്രീയ ചിന്തയും വാക്സിന്‍ വിരുദ്ധ പ്രചാരണത്തിന്റെ സ്വാധീനവും ജില്ലയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021മുതല്‍ 2026 സെപ്തംബര്‍ 18വരെയുള്ള കണക്കനുസരിച്ച് ജില്ലയില്‍ 3.9 ലക്ഷം കുട്ടികളാണ് എംആര്‍ വാക്സിന്‍ കുത്തിവയ്‌പ്പെടുക്കേണ്ടത്. ഇതില്‍ 2.7 ലക്ഷംപേര്‍മാത്രമാണ് രണ്ട് ഡോസുമെടുത്തത്. 1.17 ലക്ഷം കുട്ടികള്‍ ആദ്യഡോസ് മാത്രമെടുത്തു. 54,941 കുട്ടികള്‍ ഒറ്റഡോസ് വാക്സിന്‍പോലും സ്വീകരിച്ചില്ലെന്നും കണക്ക് സൂചിപ്പിക്കുന്നു. ജില്ലയില്‍ ഈവര്‍ഷം 465 പേര്‍ക്കാണ് അഞ്ചാംപനി സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിപക്ഷവും കുട്ടികളാണ്. വളവന്നൂര്‍, മാറാക്കര, പൂക്കോട്ടൂര്‍ ആരോഗ്യ ബ്ലോക്കുകള്‍ക്ക് കീഴിലാണ് കൂടുതല്‍ രോഗികളുള്ളത്. വായുവിലൂടെയാണ് രോഗം പകരുന്നത്. ഒരുസ്ഥലത്ത് വാക്സിനെടുക്കാത്തവര്‍ കൂടുതലുണ്ടെങ്കില്‍ രോഗവ്യാപനം ഉറപ്പാണ്. വൈറസ് ശരീരത്തിലെത്തി 14മുതല്‍ 21 ദിവസംകൊണ്ടാണ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത്. വാക്സിന്‍ സ്വീകരിച്ചയാള്‍ക്ക് 28 ദിവസംകൊണ്ട് പൂര്‍ണ പ്രതിരോധശേഷിയുണ്ടാകും. രോഗവ്യാപന സാഹചര്യത്തില്‍ വാക്സിനെടുത്തവര്‍ക്കും അഞ്ചാംപനി ബാധിക്കാന്‍ സാധ്യതയുണ്ടെങ്കിലും ഗുരുതരമാകില്ല. വാക്സിനടുക്കാത്തവരാണ് ഗുരുതര ആരോഗ്യാവസ്ഥയിലേക്ക് കടക്കുക. ന്യൂമോണിയ, കേള്‍വിക്കുറവ്, പഠനവൈകല്യം എന്നിവയ്ക്കും കാരണമാകാം. ​


സുരക്ഷിതരാക്കാം കുഞ്ഞുങ്ങളെ

അഞ്ചാംപനിയില്‍നിന്ന് കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാന്‍ എംആര്‍ വാക്സിന്‍ നിര്‍ബന്ധമാണ്. രക്ഷിതാക്കള്‍ കുഞ്ഞുങ്ങളുടെ ജീവനെക്കരുതി കുത്തി‌വയ്‌പ്പിന് സന്നദ്ധരാകണം. എല്ലാ ബുധനാഴ്ചകളിലും സര്‍ക്കാര്‍ ആശുപത്രികളില്‍ സ‍ൗജന്യ വാക്സിന്‍ വിതരണമുണ്ട്. അല്ലെങ്കില്‍ പ്രദേശത്ത് ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ക്യാമ്പുകളിലെത്തിയും വാക്സിന്‍ സ്വീകരിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home