അടൂർ പൊലീസ് സ്‌റ്റേഷൻ ആക്രമണം
മുൻകൂർ ജാമ്യത്തിന് പ്രതികൾക്ക് പൊലീസിന്റെ ഒത്താശ

അടൂർ
അടൂർ പൊലീസ് സ്‌റ്റേഷൻ ആക്രമിച്ച കേസിലെ പ്രതികളായ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യത്തിന് അവസരമൊരുക്കി പൊലീസ്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് പ്രതിചേർത്ത ശ്രീനാദേവിയടക്കം ഏഴുപേർ പത്തനംതിട്ട സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ട് മൂന്നുദിവസം പിന്നിട്ടു. എന്നാൽ കോടതി ഇതുവരെ ഇത് പരിഗണനയ്‌ക്ക് എടുത്തിട്ടില്ല. അപേക്ഷ 10ന് കോടതി ലിസ്‌റ്റുചെയ്യുമെന്നാണ് വിവരം. അന്ന് അപേക്ഷ എടുത്താൽ തന്നെ പൊലീസ് റിപ്പോർട്ടുൾപ്പെടെ തേടിയശേഷമേ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കൂ. അങ്ങനെയെങ്കിൽ കോടതി നടപടിക്രമങ്ങൾ പൂർത്തിയാവുന്നത് വീണ്ടും നീളും. ഇൗ സാഹചര്യം മുൻനിർത്തിയാണ് പ്രതികൾക്ക് ഒത്താശയുമായി പൊലീസ് രംഗത്തെത്തിയത്.
കേസെടുത്ത ദിവസം ശ്രീനാദേവി കുഞ്ഞമ്മയെയും യൂത്ത് കോൺഗ്രസ് നേതാക്കളായ ഫെനി നൈനാനെയും നെസ്‌മൽ കാവിളയെയും അറസ്‌റ്റ് ചെയ്യാൻ പൊലീസ് നീക്കമുണ്ടായിരുന്നു. ഉന്നതങ്ങളിലുള്ള സമ്മർദങ്ങൾക്ക് വഴങ്ങി പ്രതികൾ ഒളിവിൽ പോയെന്ന് റിപ്പോർട്ടുണ്ടാക്കി പൊലീസ് തന്ത്രപൂർവം ഇതിൽനിന്ന് ഒഴിവായി. അടൂർ എംഎൽഎ സി വി ശാന്തകുമാർ പ്രതികളെ സംരക്ഷിച്ച് പരസ്യമായി രംഗത്തുണ്ട്. രണ്ടാം പ്രതി ജയകൃഷ്‌ണൻ പള്ളിക്കലിന് അടൂർ കോടതിയിൽ ജാമ്യം അനുവദിച്ചയുടൻ സ്ഥലത്തെത്തിയ എംഎൽഎ ജയകൃഷ്‌ണനെ ഷാളണിയിച്ചാണ് സ്വീകരിച്ചത്. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയും ചെയ്‌തു.









0 comments