കൂടൽ സ്‌റ്റേഷനിലെ മൂന്നാംമുറ
യുവാവിന്റെ പരാതി കണ്ടില്ലെന്ന് നടിച്ച് ആഭ്യന്തരവകുപ്പ്

പത്തനംതിട്ട
വ്യാജ പോക്‌സോ പരാതിയിൽ ഹൃദ്‌രോഗിയായ യുവാവിനെ കൂടൽ പൊലീസ് മൂന്നാംമുറയ്ക്ക് ഇരയാക്കിയ സംഭവത്തിൽ നീതി ലഭിക്കാതെ കുടുംബം. മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കുമടക്കം പരാതി നൽകിയിട്ടും ഇവരാരും മർദനമേറ്റ യുവാവിനെയോ കുടുംബത്തെയോ ബന്ധപ്പെടാൻ തയ്യാറായിട്ടില്ല.
ആഭ്യന്തരമന്ത്രിയെ നേരിൽ കാണാൻ തിരുവനന്തപുരത്തെത്തിയ തങ്ങൾക്ക് കാണാനായത് മന്ത്രി ഓഫീസിലുണ്ടായിരുന്ന പ്രസ് സെക്രട്ടറിയെ മാത്രമായിരുന്നുവെന്ന് മർദനമേറ്റ ഇരുപതുകാരൻ പറഞ്ഞു. സംഭവം നടന്ന് ഒരു മാസമാകാറായിട്ടും പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറായിട്ടുമില്ല.
ഹൃദ്‌രോഗിയാണെന്ന് കരഞ്ഞുപറഞ്ഞിട്ടും ഇരുപതുകാരനെ ലാത്തികൊണ്ട് പൊലീസ് മർദിക്കുകയായിരുന്നു. പതിമൂന്നുകാരിയുടെ വ്യാജമൊഴിയെ തുടർന്നാണ് കൂടൽ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. കൂടൽ എസ്ഐ ജയ് മോഹന്റെ നേതൃത്വത്തിലുള്ള പൊലീസുകാർ സിവിൽ വേഷത്തിൽ വീട്ടിലെത്തി യുവാവിനെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇതിനിടെ ജില്ലയിലെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മൂന്നാംമുറയെ ന്യായീകരിച്ചു. സംഭവത്തിൽ എസ്‌ഐയെ സ്ഥലംമാറ്റിയാണ് ആഭ്യന്തരവകുപ്പ് നടപടി സ്വീകരിച്ചത്. കേസ് റദ്ദാക്കിയെങ്കിലും പരാതിക്കാരിക്കെതിരെ പൊലീസ് നടപടിയെടുക്കാത്തത് അനീതിയാണെന്ന് യുവാവിന്റെ കുടുംബം പറയുന്നു.









0 comments