ലോക ഹെപ്പറ്റൈറ്റിസ് ദിനം; ജാഗ്രതയോടെ കരളിനെ സംരക്ഷിക്കാം

പാലക്കാട്
വൈറൽ ഹെപ്പറ്റൈറ്റിസ് രോഗങ്ങൾക്കെതിരെ കർശന ജാഗ്രതയും ബോധവൽക്കരണവും ശക്തമാക്കാൻ ആഹ്വാനം ചെയ്ത് ജില്ലയിൽ ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിച്ചു. "ഹെപ്പറ്റൈറ്റിസ്: നമുക്ക് പരിഹരിക്കാം’ എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. ഹെപ്പറ്റൈറ്റിസ് ബി വ്യാപനം കുറയ്ക്കുക, 2030-ഓടെ ഹെപ്പറ്റൈറ്റിസ് സി പൂർണമായും നിർമാർജ്ജനം ചെയ്യുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. കരളിനെ ബാധിക്കുന്ന ഈ വൈറസ് രോഗത്തെ പ്രധാനമായും എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായാണ് തരംതിരിച്ചിരിക്കുന്നത്. ഇതിൽ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ മലിനമായ ആഹാരത്തിലൂടെയും കുടിവെള്ളത്തിലൂടെയുമാണ് പകരുന്നത്. എന്നാൽ കൂടുതൽ ഗുരുതരമായ ഹെപ്പറ്റൈറ്റിസ് ബി, സി, ഡി വിഭാഗങ്ങൾ അണുബാധയുള്ള രക്തം, അണുവിമുക്തമാക്കാത്ത സൂചികൾ, ശരീരസ്രവങ്ങൾ എന്നിവ വഴിയാണ് പകരുന്നത്.
രോഗലക്ഷണങ്ങളും പകർച്ചാരീതികളും
ശരീരവേദനയോടുകൂടിയ പനി, തലവേദന, കടുത്ത ക്ഷീണം, ഓക്കാനം, ഛർദി എന്നിവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുന്നതോടെ മൂത്രം, കണ്ണ്, മറ്റ് ശരീരഭാഗങ്ങൾ എന്നിവയിൽ മഞ്ഞനിറം പ്രത്യക്ഷപ്പെടും. ഗർഭിണിയിൽനിന്ന് കുഞ്ഞിലേക്ക് രോഗം പകരാൻ സാധ്യത കൂടുതലാണ്. കൂടാതെ രോഗബാധിതരിൽ നിന്ന് രക്തം സ്വീകരിക്കുന്നതുവഴിയും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, അണുവിമുക്തമാക്കാത്ത ഉപകരണങ്ങൾ ഉപയോഗിച്ച് ടാറ്റൂ ചെയ്യൽ, മൂക്കും കാതും കുത്തൽ, ഒരേ സൂചിയും സിറിഞ്ചും ഉപയോഗിച്ച് മയക്കുമരുന്ന് കുത്തിവയ്‌ക്കൽ, ഷേവിങ് റേസറുകളും ടൂത്ത് ബ്രഷുകളും പങ്കുവയ്‌ക്കൽ എന്നിവയിലൂടെയും രോഗം പടരാം. അടിയന്തര സാഹചര്യങ്ങളിൽ രക്തം സ്വീകരിച്ചവർ, ഒന്നിലധികം ലൈംഗിക പങ്കാളികളുള്ളവർ, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, ലൈംഗിക തൊഴിലാളികൾ, സ്വവർഗാനുരാഗികൾ എന്നിവർക്ക് രോഗസാധ്യത കൂടുതലാണ്.
സൗജന്യ പരിശോധനയും ചികിത്സയും
ഹെപ്പറ്റൈറ്റിസ് കൃത്യസമയത്ത് കണ്ടെത്താനും ചികിത്സിക്കാനും പ്രതിരോധിക്കാനുമുള്ള സംവിധാനങ്ങൾ ലഭ്യമാണ്. ജില്ലയിൽ ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങൾക്കുള്ള പരിശോധനയും ചികിത്സയും ജില്ലാ ആശുപത്രിയിലും ഗവ. മെഡിക്കൽ കോളേജിലും ഉണ്ട്.










0 comments