പോക്സോ കേസ് പ്രതിയുടെ അച്‌ഛനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം
രണ്ട് വ്ലോഗർമാർ അറസ്റ്റിൽ

അടൂർ
പോക്സോ കേസ് പ്രതിയുടെ അച്‌ഛനെ ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപ തട്ടാൻ ശ്രമിച്ച രണ്ട് വ്ലോഗർമാർ അറസ്റ്റിൽ. അടൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയുടെ അച്‌ഛനെയാണ് പ്രതികൾ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത്. അഞ്ചൽ അഗസ്തികോട് പൂവാനുംവിളയിൽ അഗ്നി ജുവൽ (33), തിരുവനന്തപുരം മംഗലപുരം തോന്നയ്ക്കൽ അനീഷ് വിജയൻ (35) എന്നിവരെയാണ് അടൂർ ടൗണിൽനിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.
ശ്രീ വ്ലോഗ് എന്ന ചാനലിന്റെ ഉടമ ശ്രീജിത്തും ഭാര്യയും, പുനലൂരും അഞ്ചലും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിസ്മയ യൂട്യൂബ് ചാനലിൽ പ്രവർത്തിക്കുന്ന അഗ്നി, അനീഷ്, റഹീം എന്നിവർ ചേർന്നാണ് പോക്സോ കേസിൽ അറസ്റ്റിലായ യുവാവിന്റെ അച്‌ഛനെ ഭീഷണിപ്പെടുത്തിയത്. പ്രതിയായ മകന്റെ ഫോണിൽനിന്നും വീഡിയോകൾ പൊലീസുകാർ മുഖേന തങ്ങൾക്ക് കിട്ടിയിട്ടുണ്ടെന്നും ഈ വീഡിയോകൾ തങ്ങളുടെ ചാനലിലൂടെ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്നും ഭീഷണി മുഴക്കി.
തന്റെ കൈയിൽ അത്രയും വലിയ തുകയില്ലെന്ന് പറഞ്ഞ പരാതിക്കാരൻ പ്രതികളോട് സംസാരിച്ച് രണ്ടര ലക്ഷം രൂപ കൊടുക്കാമെന്ന് സമ്മതിപ്പിച്ചു. തുടർന്ന് അടൂർ പൊലീസിൽ പരാതിപ്പെട്ടു. കേസ് രജിസ്റ്റർ ചെയ്ത അടൂർ പൊലീസ് പറഞ്ഞതുപ്രകാരം ഈ തുക വെള്ളിയാഴ്ച കൈമാറാമെന്ന് വിശ്വസിപ്പിച്ച് ഇതുവാങ്ങാൻ അടൂരിലെത്തിയ പ്രതികളെ പൊലീസ് കുടുക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അടൂർ എസ്‌എച്ച്‌ഒ ജെ അജയൻ, എസ്‌ഐമാരായ എ ആർ അഭിലാഷ്, ജി എസ് ദീപു, രാധാകൃഷ്ണൻ, അനൂപ് രാഘവൻ, സിപിഒമാരായ രാജഗോപാൽ, നിധിൻ, അർജുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.










0 comments