കുടുംബശ്രീ ഉണ്ടല്ലോ,
നാടൻ ഓണസദ്യ വീട്ടിലെത്തും 20 മുതൽ ഓർഡർ നൽകാം

പത്തനംതിട്ട
ഓണസദ്യയ്ക്കുള്ള പലചരക്കും പച്ചക്കറിയും മാത്രമല്ല നല്ല അസൽ "ഓണസദ്യ'യും കുടുംബശ്രീ ഇത്തവണ ഒരുക്കിനൽകും. നാടൻ അമ്മ രുചിയിൽ പാകം ചെയ്ത 26 കൂട്ടം ഓണസദ്യക്ക് വില 280 രൂപയാണ്. പഴം, ഉപ്പേരി, ശർക്കരവരട്ടി. ഇഞ്ചിക്കറി, നാരങ്ങാ അച്ചാർ, മാങ്ങാ അച്ചാർ, പച്ചടി, കിച്ചടി, തോരൻ, അവിയൽ, പപ്പടം, മുളകുകറി, ഉള്ളിത്തീയൽ, എരിശേരി, പരിപ്പ്, സാമ്പാർ, കാളൻ, സംഭാരം, അടപ്രഥമൻ, പാലട, പായസം, ചോറ്, വാഴയില എന്നിവ ഉൾപ്പെടുന്നതാണ് സദ്യ. 20 മുതൽ ഗുണഭോക്താക്കളിൽ നിന്ന് ഓർഡർ സ്വീകരിക്കും. സദ്യ ആവശ്യമായ ദിവസത്തിന് മുന്നുദിവസം മുമ്പ് ബുക്ക് ചെയ്യണം. കുടുംബശ്രീ മിഷന്റെ ഓൺലൈൻ ആപ്പായ പോക്കറ്റ്മാർട്ടിലൂടെ ചിപ്സ്, ശർക്കരവരട്ടി, പായസം- മിക്സ്, സാമ്പാർ മസാല, മുളകുപൊടി, മല്ലിപ്പൊടി, വെജ് മസാല, മഞ്ഞൾപ്പൊടി എന്നിവയും ലഭിക്കും. ജില്ലയിൽ എവിടെ നിന്ന് വേണമെങ്കിലും സദ്യ ഓർഡർ ചെയ്യാം. ഇതിനായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ എട്ട് ബ്ലോക്കുകൾ കേന്ദ്രീകരിച്ച് രണ്ട് കോൾ സെന്ററുകൾ പ്രവർത്തിക്കും. ഈ കോൾസെന്ററുകൾ മുഖേനയാണ് ഓർഡറുകൾ സ്വീകരിക്കുന്നത്. മൈക്രോ എന്റർപ്രൈസ് കൺസൾട്ടൻസ് (എംഇസി) മേൽനോട്ടം വഹിക്കും. ഓർഡർ ചെയ്യാൻ 9562247585, 6282591751 എന്നീ നമ്പറുകളിൽ ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്നവർക്ക് വീടുകളിൽ ഭക്ഷണം എത്തിച്ചുനൽകും.









0 comments