തിരുവോണത്തോണി ഇന്ന് പുറപ്പെടും

ആറന്മുളയിൽ നിന്ന് തിരുവോണത്തോണി കാട്ടൂർക്ക്പുറപ്പെടുന്നു
കോഴഞ്ചേരി
തിരുവാറന്മുളയപ്പനുളള ഓണ വിഭവങ്ങളുമായി ചൊവ്വാഴ്‌ച്ച തിരുവോണത്തോണി യാത്ര തിരിക്കും. ഉത്രാടം നാളിൽ വൈകിട്ട് 6.30ന് കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും മേൽശാന്തി പകർന്ന് നൽകുന്ന ദീപവുമായി മങ്ങാട്ട് ഭട്ടതിരി തിരുവോണത്തോണിയേറുമ്പോൾ തിരുവാറന്മുളയപ്പനുള്ള ഓണ വിഭവങ്ങളുമായി 18 നായർ കുടുംബാംഗങ്ങൾ തോണിയിലേറും. ചോതി നാളിൽ ആറന്മുള ക്ഷേത്രത്തിൽ നിന്നും അളന്ന് നൽകിയ 40 പറ നെല്ല് പരമ്പരാഗത രീതിയിൽ മര ഉരലിൽ കുത്തി എടുത്താണ് അരിയാക്കുന്നത്. ഈ അരിയാണ് തിരുവോണ സദ്യയ്ക്ക് ഉപയോഗിക്കുക. പൂരാടം നാളിൽ ആറന്മുളയിൽ നിന്ന് എത്തിച്ച തിരുവോണത്തോണി കുളിപ്പിച്ച് ഉച്ചയ്ക്ക് തോണി സദ്യയ്ക്ക് ശേഷമാണ് വിഭവങ്ങൾ എത്തിക്കുക. പള്ളിയോട സേവാസംഘം ഭാരവാഹികൾ ഉൾപ്പടെ വിവിധ പള്ളിയോട കരക്കാരുംജനങ്ങളും വെറ്റ പുകയില നൽകി തിരുവോണ തോണിയെ യാത്രയാക്കും. ആചാരവെടി മുഴങ്ങി തോണി യാത്ര പുറപ്പെടുമ്പോൾ പള്ളിയോടങ്ങൾ തിരുവോണത്തോണിക്ക് അകമ്പടി സേവിക്കും. പമ്പയുടെ ഇരുകരകളിലുമുള്ളവർ ദീപക്കാഴ്ചയൊരുക്കി തിരുവോണത്തോണിയെ സ്വീകരിക്കും. ആറന്മുള ക്ഷേത്രത്തിലേക്കുള്ള ഓണ സദ്യവിഭവങ്ങളുമായി ബുധനാഴ്‌ച്ച തിരുവോണം നാളിൽ പുലർച്ചെ 5.30ന് തോണി തിരുവാറന്മുള ക്ഷേത്ര കടവിൽ എത്തും. ആറന്മുള ക്ഷേത്രക്കടവിൽ മങ്ങാട്ട് ഭട്ടതിരി കാട്ടൂരിൽ നിന്ന് എത്തിച്ച ദീപം ക്ഷേത്രം മേൽശാന്തി ഏറ്റു വാങ്ങി ശ്രീകോവിലിനുള്ളിലെ കെടാവിളക്കിലേക്ക് പകരുന്നതോടെ തിരുവാറന്മുളയപ്പന്റെ തിരുവോണ സദ്യക്ക് ഒരുക്കമാകും. പ്രത്യേക പൂജകൾക്ക് ശേഷം തിരുവോണ സദ്യ ഭഗവാന് സമർപ്പിക്കും . രാത്രി അത്താഴപൂജയ്ക്ക് ശേഷം മങ്ങാട്ട് ഭൂതിരി തിരികെ മടങ്ങും.










0 comments