കൺസ്യൂമർഫെഡ് ഓണവിപണി
6.52 കോടി രൂപയുടെ വിൽപ്പന

സ്വന്തം ലേഖിക
Published on Sep 10, 2025, 12:05 AM | 1 min read
പത്തനംതിട്ട
ഓണവിപണിയിൽ വിലവർധന പിടിച്ചുനിർത്താൻ സുപ്രധാന പങ്ക് വഹിച്ച കൺസ്യൂമർഫെഡിന് ജില്ലയിലും വമ്പൻ നേട്ടം. ഓണക്കാലത്ത് കൺസ്യൂമർഫെഡ് ത്രിവേണികളിലൂടെയും സഹകരണ സംഘങ്ങളിലൂടെയും നടത്തിയത് 6,52,31,786.80 രൂപയുടെ കച്ചവടം.
ആഗസ്ത് 26മുതൽ സെപ്‌തംബർ നാലുവരെയായിരുന്നു മേളകൾ.
ഒരാഴ്ചക്കാലത്ത് ത്രിവേണികളിലും ഓണചന്തകളിലുമായി പതിനായിരക്കണക്കിനുപേരാണ് എത്തിയത്. സംസ്ഥാനവ്യാപകമായി 180 കോടിയിലധികം രൂപയുടെ വിൽപ്പനയാണ് നടന്നത്. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെയും മറ്റ് നിത്യോപയോഗ സാധനങ്ങൾ 10 മുതൽ 40ശതമാനം വരെ വിലക്കുറവിലുമാണ് വിപണിയിലെത്തിച്ചത്. വെളിച്ചെണ്ണ ലിറ്ററിന് 339 രൂപയ്ക്കായിരുന്നു വിൽപ്പന. 107 ഓണച്ചന്തകളാണ് ജില്ലയിൽ പ്രവർത്തിച്ചത്.
ജയ, കുറുവ, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, വൻകടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങളാണ് സർക്കാർ സബ്സിഡിയോടെ 50 ശതമാനംവരെ വിലക്കുറവിൽ വിൽപ്പന നടത്തിയത്. പൊതുവിപണിയിൽ 1825 രൂപ നൽകി വാങ്ങേണ്ടി വരുന്ന നിത്യോപയോഗ സാധനങ്ങൾ ഓണച്ചന്തകളിൽ നിന്ന് 579 രൂപ ലാഭത്തിൽ 1246 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമായി.









0 comments